ഓണപ്പാട്ട് നൽകുന്ന മധുരം
text_fieldsപാട്ടിന്റെ ആദ്യക്ഷരങ്ങൾ പഠിക്കുമ്പോൾ മുതൽ കേട്ടുതുടങ്ങിയ ഓണപ്പാട്ടുകൾ ഇന്നും മനസ്സിലും ചുണ്ടിലും വരികൾ തെറ്റാതെ ഒഴുകി നടക്കുന്നു. അതിന്റെ മധുരം എത്രനാൾ കഴിഞ്ഞാലും മായാതെ നിൽക്കുന്നു. ഉത്രാടപ്പൂനിലാവേ വാ... പായിപ്പാട്ടാറ്റില് വള്ളംകളി... മാമാങ്കം പലകുറി കൊണ്ടാടി... പൂവിളി പൂവിളി പൊന്നോണമായി... തുടങ്ങി എണ്ണിയാൽത്തീരാത്ത മധുരഗാനങ്ങൾക്ക് മരണമില്ല. ഗൃഹാതുരത്വമുണർത്തുന്നവയാണ് അന്നുള്ള ഓണപ്പാട്ടുകൾ.
പാട്ടിലൂടെ ജീവിതം കരുപ്പിടിക്കുമ്പോഴെല്ലാം പല വേദികളിൽ ഓണപ്പാട്ടുപാടി സദസ്സിനെ കൈയിലെടുക്കാൻ കഴിഞ്ഞതും ഇത്തരം മനോഹര ഗാനങ്ങളിലൂടെയാണ്. ബന്ധങ്ങളെ അടുപ്പിക്കുന്ന ഉത്സവമാണ് അന്നും ഇന്നും ഓണം. ഓണാവധിക്ക് സ്കൂളടച്ചാൽ തുടങ്ങുന്ന കളികൾ അവധി തീരുംവരെ തുടരും. അത്തം തുടങ്ങിയാൽ ആറന്മുള വള്ളംകളിവരെ നാട് ഉത്സവ ലഹരിയിലാണ്. നിക്കറിന്റെ പോക്കറ്റ് നിറയെ ഉപ്പേരിയും കളിയടയ്ക്കയും നിറച്ച് കളിക്കളത്തിലും ഊഞ്ഞാലിലും മാറിമാറി ആടിത്തിമിർത്തിരുന്ന കാലം. രാവിനെ പകലാക്കുന്ന ദിനങ്ങളാണ് ഓണം സമ്മാനിച്ചിരുന്നത്. പകലെല്ലാം പലതരം കളികളും കായിക വിനോദങ്ങളും രാത്രിയിൽ കലാവിനോദങ്ങൾ, മുന്നോട്ടുള്ള യാത്രയിലെല്ലാം ഊർജം പകർന്ന ദിനങ്ങളായിരുന്നു അവ. നാടുവിട്ട് തിരുവനന്തപുരത്തേക്ക് ചേക്കേറിയപ്പോഴും ഓണത്തിന് കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുചേരാൻ ഓടിയെത്തുമായിരുന്നു. തിരുവനന്തപുരത്ത് ദേവരാജൻ മാഷിനൊപ്പം രണ്ടുതവണ ഓണസദ്യയുണ്ണാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. പ്രവാസിയായി അമേരിക്കയിലേക്ക് പറന്നപ്പോഴും നാട്ടിലെ പാട്ടുകൾ മറന്നിരുന്നില്ല. ജാതി, മത ഭേദമില്ലാതെ എല്ലാവരും ഒത്തുചേരുന്നത് ശരിക്കും മറുനാടുകളിലാണ്. മലയാളി എവിടെയായിരുന്നാലും തന്റെ നാടിനെയും നാട്ടിലെ ആഘോഷങ്ങളെയും കൈവിടാറില്ല. നാട്ടിലെത്തി വീണ്ടും പാട്ടിന്റെ പാതയിലേക്കിറങ്ങിയപ്പോൾ അത് ജീവിത വഴിയായി. ഓണക്കാലത്ത് വേദികളിൽനിന്നും വേദികളിലേക്കുള്ള യാത്രയിൽ വീട്ടിലെത്താൻ കഴിയാതെ വിഷമിച്ച നാളുകളും വിരളമല്ല. മതം നാട് ഭരിക്കുന്ന കാലം മാറി മതത്തിന് അതീതമായി ചിന്തിക്കുന്ന ഒരു തലമുറയുണ്ടാകുമ്പോഴേ ഓണത്തിന്റെ വിശുദ്ധിയും സങ്കൽപവും അർത്ഥവത്താകൂ.
തയാറാക്കിയത്: എ. ഷാനവാസ് ഖാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.