ആറന്മുളയിൽ നെൽകൃഷിയുടെ 'ടേക്ഓഫ്'
text_fieldsകരയാകുമോ, വയലായി തുടരുമോ എന്ന് ഇനിയും പറയാനാകില്ല. എങ്കിലും ആറന്മുള വിമാനത്താവള ഭൂമിയിൽ വീണ്ടും നെൽവിത്തുകൾ മുളച്ചുപൊന്തുന്നു. ഒപ്പം വിവാദങ്ങളും ഉയരുന്നു. 'മാധ്യമം' പരമ്പര ഇന്നുമുതൽ...
പത്തനംതിട്ട: 22 വർഷമായി കൃഷി ചെയ്യാതെ കിടന്ന ആറന്മുള പുഞ്ച പൂർണമായും കൃഷിയിറക്കാനാണ് ശ്രമം. 271 ഏക്കറോളം ഭൂമിയിലാണ് നെല്ല് വിതച്ചത്. കൃഷി, റവന്യൂ, ജലസേചന വകുപ്പുകളും കർഷകരും കൈകോർത്താണ് ആറന്മുളയിലെ ഞാറ്റടികളെ പച്ചപ്പണിയിക്കുന്നത്. ഞാറ് പറിച്ചുനടാതെ നെൽവിത്ത് പാടങ്ങളിലപ്പാടെ നേരിട്ട് വിതറി മുളപ്പിച്ചെടുക്കുന്ന രീതിയിലാണ് ഇവിടെ കൃഷി വീണ്ടെടുക്കുന്നത്.
ആറന്മുളയിൽ വിമാനത്താവളത്തിനായി പുഞ്ചപ്പാടവും തോടുകളും ചാലുകളും മണ്ണിട്ട് നികത്തിയതോടെ 22 വർഷംമുമ്പാണ് ഞാറ്റുപാട്ടുകൾ നിലച്ചത്. ജനുവരി 18 മുതൽ 50 കുതിരശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചുതുടങ്ങി. മല്ലപ്പുഴശ്ശേരിയിൽ 197 ഏക്കറിലും ആറന്മുളയിൽ 74ലും കൃഷിയിറക്കി. ഇതിൽ 12 ഏക്കർ ഒഴികെ ബാക്കിയെല്ലാം വെള്ളംകയറിയ നിലയിലായിരുന്നു.
ആറന്മുള ചാലും കരിമാരം തോടും പുനഃസ്ഥാപിച്ചിട്ടുപോലും വെള്ളമിറങ്ങാത്ത സ്ഥിതി നിലനിന്നു. കൃഷി വകുപ്പ് 17 ലക്ഷം രൂപ അടച്ച് ട്രാൻസ്ഫോർമർ സഹിതം സ്ഥാപിച്ച് പോസ്റ്റുകളിട്ട് കണക്ഷനെടുത്തു. ജനുവരി 18 മുതൽ വെള്ളം വറ്റിക്കൽ തുടങ്ങി. പമ്പ് ചെയ്ത വെള്ളം കരിമാരം തോട് വഴി കോഴിത്തോട് വഴി പമ്പയാറ്റിലേക്കാണ് എത്തിയത്.
തോടുകളിൽ മണ്ണിടിഞ്ഞുവീണ് നികന്നുകിടന്നതും വെള്ളപ്പൊക്ക സമയങ്ങളിൽ എക്കൽ വന്നടിഞ്ഞതും എല്ലാം പമ്പ് ചെയ്യുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായിരുന്നു. ഈ തടസ്സങ്ങളെല്ലാം കർഷകരുടെ കൂട്ടായ്മയിൽ നീക്കിയാണ് വെള്ളം പൂർണമായി വറ്റിച്ച് കൃഷിക്ക് ഭൂമിയൊരുക്കിയത്. വെള്ളം വറ്റിക്കുന്നതുമുതൽ വിതക്കുന്നതിൽവരെ വിവാദങ്ങൾ ഉയരുന്നുണ്ട്. കൃഷി തടയാൻ പഴയ വിമാനത്താവള പദ്ധതിക്കാർ രംഗത്തിറങ്ങിക്കഴിഞ്ഞു.
അവർ നിയമനടപടികളിലേക്ക് കടക്കുകയാണ്. നേരത്തെ 2016ലും 2018ലും ഇവിടെ ചിലയിടത്ത് കൃഷിയിറക്കിയിരുന്നു. 2016 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ആറന്മുളയിലെത്തി വിത്ത് വിതച്ചതോടെയാണ് വിമാനത്താവള പദ്ധതിക്ക് തിരശ്ശീല വീണത്. 2018ലെ വെള്ളപ്പൊക്കത്തോടെ വീണ്ടും കൃഷി മുടങ്ങി. അന്ന് രണ്ടുതവണയും നടന്നതിെൻറ ഇരട്ടിയിലേറെ സ്ഥലത്താണ് ഇപ്പോൾ കൃഷിയിറക്കുന്നത്.
പുഞ്ചപ്പാടം മുങ്ങിക്കിടന്നത് 22 വർഷം
2000ത്തിലാണ് അവസാനമായി ആറന്മുളയിൽ കൃഷിയിറക്കിയത്. അതേവർഷമാണ് നാൽകാലിക്കൽ പാലം പണിയാൻ ബണ്ടിട്ടത്. ഈ ബണ്ടാണ് കൃഷി മുടക്കിയത്. 2004ൽ പാലം പണികഴിഞ്ഞപ്പോൾ ബണ്ട് നീക്കി വെള്ളം വറ്റിച്ചുനോക്കി.
പൂർണമായും ഒഴുക്ക് നിലച്ചതിനാൽ വറ്റിക്കാനായില്ല. അതിനുശേഷമാണ് വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിത്തുടങ്ങിയത്. ചെറുതും വലുതുമായ സകല തോടുകളും ചാലുകളും വിമാനത്താവളത്തിെൻറ പ്രയോക്താക്കൾ മണ്ണിട്ടുമൂടി. നദിയോളം വലിപ്പമുള്ള ആറന്മുള ചാല് ഉൾപ്പെടെ നികത്തി. കരിമാരം തോട് മിക്കഭാഗങ്ങളിലും മണ്ണിട്ട് ആറ് പഞ്ചായത്തിലൂടെ കടന്നുവന്ന് കോഴിത്തോട്ടിലെത്തുന്ന വലിയതോടിെൻറ ദിശ തിരിച്ചുവിട്ടു.
മണ്ണ് മാറ്റി ചാലുകൾ പുനഃസ്ഥാപിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പാക്കാൻ അന്നിരുന്ന കലക്ടർ ഹരികിഷോർ തയാറായില്ല. തോട് പുനഃസ്ഥാപിച്ചില്ലെങ്കിൽ കുടിവെള്ളം മുട്ടുമെന്ന കോടതിയലക്ഷ്യ ഹരജിയിലും അനുകൂല വിധി വന്നു. അതിനുശേഷം വന്ന കലക്ടർ ഗിരിജ രണ്ട് തോടുകളും പുനഃസ്ഥാപിക്കാൻ തയാറായി. അപ്പോഴേക്കും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നു. ആ സമയത്താണ് തോടുകൾ പുനഃസ്ഥാപിച്ചത്. എങ്കിലും വെള്ളം പൂർണമായും ഒഴുകിപ്പോകുന്ന അവസ്ഥ ഉണ്ടായില്ല. 2016ലും 2018ലും കൃഷിയിറക്കിയെങ്കിലും വെള്ളം കാര്യമായി വറ്റിക്കാനാകാത്തതിനാൽ ഭൂരിഭാഗം നിലവും മുങ്ങിക്കിടക്കുകയായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.