അശാസ്ത്രീയ തൊഴിൽ നികുതി; പത്തനംതിട്ട നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു.ഡി.എഫ്
text_fieldsപത്തനംതിട്ട: നഗരസഭ പ്രദേശത്ത് കച്ചവടക്കാർക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ തൊഴിൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ കൗൺസിലിൽ പ്രതിഷേധം. എസ്.ഡി.പി.ഐ അംഗങ്ങളും കൗൺസിൽ ബഹിഷ്കരിച്ചു. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് പ്രതിഷേധം. നൂറ് ശതമാനം വരെയാണ് തൊഴിൽ നികുതി വർധിപ്പിച്ചതെന്നും ഇത് പിൻവലിക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി ആ്വശ്യപ്പെട്ടു.
അന്യായ വർധന പിൻവലിക്കണമെന്ന് എൽ.ഡി.എഫിലെ ആർ. സാബുവും ആവശ്യപ്പെട്ടു. കുത്തനെയുള്ള വർധന കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യു.ഡി.എഫിലെ അഡ്വ. എ. സുരേഷ്കുമാർ, അഡ്വ. റോഷൻ നായർ എന്നിവരും പറഞ്ഞു. അംഗങ്ങളുടെ ആവശ്യം ചെയർമാൻ അംഗീകരിക്കാതെ വന്നതോടെ യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് നഗരത്തിലേക്ക് പ്രകടനം നടത്തി.
തുടർന്ന് പ്രതിഷേധ യോഗവും നടത്തി. അഡ്വ. എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. എം.സി. ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, അംബിക വേണു, ആൻസി തോമസ്, ആനി സജി, അഖിൽ അഴൂർ, മേഴ്സി വർഗീസ്, ഷീന രാജേഷ് എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐ അംഗങ്ങളായ എസ്. ഷമീർ, എസ്. ഷൈലജ, ഷീല സത്താർ എന്നിവരും വ്യാപാരി വിഷയം ഉന്നയിച്ച് കൗൺസിൽ ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.