സേലത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച തടികൾ പിടികൂടി
text_fieldsകോന്നി: രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച തേക്ക് തടികൾ വനപാലകർ പിടികൂടി. ഏഴര ലക്ഷം രൂപ വിലമതിക്കുന്ന തടികൾ ആണ് പിടികൂടിയതെന്ന് വനപാലകർ പറഞ്ഞു. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രിയിൽ കോന്നി ഫോറസ്റ്റ് റേഞ്ചിലെ കുമ്മണ്ണൂർ ദക്ഷിണ കുമരംപേരൂർ സ്റ്റേഷൻ അധികൃതരാണ് പിടിച്ചെടുത്തത്.
കൊല്ലം ശാസ്താംകോട്ട-ഭരണിക്കാവ് ഭാഗത്തുനിന്നാണ് തടികൾ മുറിച്ചത്. കൊല്ലം കല്ലട സ്വദേശി ഓമനക്കുട്ടൻ എന്നയാൾ യാതൊരു വിധ രേഖകളും ഇല്ലാതെയാണ് തടികൾ ലോറിയിൽ കയറ്റി കടത്തിയത്.
തമിഴ്നാട്ടിലെ സേലത്ത് കൊണ്ടുപോയി വിൽപന നടത്താൻ ആയിരുന്നു ശ്രമം. തേക്ക് മരങ്ങൾ ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായും വനപാലകർ പറഞ്ഞു. പിടിച്ചെടുത്ത തടികൾ കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് കൈമാറും. ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. സുന്ദരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഡി. വിനോദ്, എസ്. ശശിധരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ.എസ്. രതീഷ്, പി. വിനീഷ് കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.