പത്തനംതിട്ടയിൽ 40 കടന്ന് താപനില
text_fieldsപത്തനംതിട്ട: ജില്ലയിൽ താപനില 40 കടന്നു. ഇതുവരെയുള്ള ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത്ത് രേഖപ്പെടുത്തി.
ചൂട് വർധിച്ചതോടെ സര്‍ക്കാറും ആരോഗ്യവകുപ്പും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും ചൂട് നേരിട്ട് ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചിട്ടുണ്ട്. എന്നാൽ, മിക്കതൊഴിൽ ഇടങ്ങളിലും ഇത് പാലിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. ജില്ലയിൽ നദികളും കിണറുകളുമെല്ലാം വറ്റിവരണ്ടിട്ട് ആഴ്ചകളായി. മലയോര മേഖലകളിൽ വലിയ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളം ഇല്ലാത്തതിനാൽ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനവും നിലച്ചു.
വരും ദിവസങ്ങളിലും ചൂട് വർധിച്ചാൽ വലിയ ഭീഷണിയാകും. ജില്ലയിൽ തീപിടിത്തവും വർധിച്ചിട്ടുണ്ട്. തീപിടിച്ച് ഏക്കറുകണക്കിന് അടിക്കാടുകളും മരങ്ങളുമൊക്കെ പല സ്ഥലത്തും നശിക്കുന്നുണ്ട്.
തീയണക്കൽ അഗ്നിരക്ഷാ സേനക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വെള്ളത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മുന്‍വര്‍ഷങ്ങളെക്കാള്‍ വേനല്‍ കടുത്തതാകാനാണ് ഇക്കുറി സാധ്യത. വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായാൽ അത് രോഗങ്ങൾക്കും കാരണമാകും.
വൈറൽപനി പലസ്ഥലത്തും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടരാന്‍ സാധ്യത കൂടുതലുള്ള രോഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.