മകനെ കള്ളക്കേസിൽ കുടുക്കിയെന്ന്: പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി മാതാവ്
text_fieldsപത്തനംതിട്ട: സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾ മകനെ കള്ളക്കേസിൽ കുടുക്കിയതായി ആരോപിച്ച് മാതാവും ബന്ധുക്കളും പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തി. മകനെ മോചിപ്പിച്ചില്ലെങ്കിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് സ്ഥലത്ത് അഗ്നിരക്ഷ സേനയും നിലയുറപ്പിച്ചു.
പത്തനംതിട്ട കുലശേഖരപ്പതി ലബ്ബ വീട്ടിൽ ഷീജ അസീസാണ് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം പത്തനംതിട്ടയിൽ നടന്ന എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തോടനുബന്ധിച്ച് എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു.
ഈ സംഘർഷത്തിെൻറ തുടർച്ചയായി നടന്ന സംഭവത്തിൽ മൂന്നാം പ്രതിയായി ചേർത്താണ് പത്തനംതിട്ട കുലശേഖരപതി ലബ്ബ വീട്ടിൽ ഉമ്മർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ കാണാനും വിവരം അന്വേഷിക്കാനും സ്റ്റേഷനിലെത്തിയ മാതാവ് ഷീജയെ വനിത പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായും ആരോപിക്കുന്നു. തങ്ങളെ വാടകക്കെട്ടിടത്തിൽനിന്നും ഒഴിപ്പിക്കാൻ കുറെ നാളായി സി.പി.എം ശ്രമിക്കുന്നതായും പി.ഡി.പി നേതാവ് റഷീദിെൻറ ഭാര്യയായ ഷീജ പറഞ്ഞു. ഡിവൈ.എസ്.പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.