സംസ്ഥാന പാതയോരത്ത് നിലംനികത്തൽ വ്യാപകം നടപടി സ്വീകരിക്കാതെ അധികൃതർ
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വകയാർ എട്ടാംകുറ്റിക്ക് സമീപം സംസ്ഥാന പാതയോട് ചേർന്ന് നിലം മണ്ണിട്ട് നികത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സംസ്ഥാന പാത നിർമാണ പ്രവൃത്തികളുടെ ഭാഗമായി എടുത്തുമാറ്റിയ മണ്ണാണ് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നിലം നികത്തുന്നത്. കരാറുകാരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത് എന്നും ആക്ഷേപമുണ്ട്.
കെ.എസ്.ടി.പി ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഒരു ലോറിക്ക് കടന്നുപോകാവുന്ന വീതിയിൽ കുറച്ചുഭാഗം ഒഴിച്ചിട്ടിരുന്നു. ഈ ഭാഗത്തുകൂടിയാണ് ടിപ്പറിൽ മണ്ണ് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. പട്ടാപ്പകലാണ് നികത്തൽ നടക്കുന്നത്. സംസ്ഥാന പാതയിൽ കോന്നി പൂവൻപാറ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചശേഷം നിരവധി സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തിയിട്ടുണ്ട്. കൊല്ലൻപടി, വകയാർ, പൂവൻപാറ തുടങ്ങി പല സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ പറമ്പിൽ തട്ടുന്ന മണ്ണ് പിന്നീട് നിരപ്പാക്കി ഇവിടെ കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. വയലും പാടശേഖരങ്ങളും മണ്ണിട്ട് നികത്താൻ അനുമതി നൽകാത്ത ഭാഗങ്ങളിലാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറെയും നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.