നിലപാടുകൾകൊണ്ട് ഏറ്റുമുട്ടി സ്ഥാനാർഥികൾ
text_fieldsപത്തനംതിട്ട: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടതിന്റെ പൂർണ ഉത്തരവാദിത്തം മുൻ ധനമന്ത്രിയായ തോമസ് ഐസക്കിനെന്ന് ആന്റോ ആന്റണി. കടമെടുപ്പ് പാതകമല്ലെന്നും കിഫ്ബിയെ എതിർക്കുന്നവർ വികസന പ്രവർത്തനം നടത്താൻ ബദൽ മാർഗങ്ങൾ കൂടി പറഞ്ഞു തരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച സ്ഥാനാർഥി സംഗമത്തിലാണ് നിലപാടുകളുമായി നേതാക്കൾ ഏറ്റുമുട്ടിയത്. അതേസമയം, എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി സംഗമത്തിനെത്തിയില്ല. ഇഡിയെ തനിക്കു ഭയമില്ല. രണ്ടു വർഷമായി അവർ എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്. അവരുടെ മുമ്പാകെ വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് അവർ പറയട്ടെയെന്നും ഐസക് പറഞ്ഞു.
കിഫ്ബിയുണ്ടാക്കിയത് വികസന ബദലോ കടക്കെണിയോ?
പരിധി കഴിഞ്ഞും കടമെടുപ്പ് തുടക്കമിട്ടത് ഐസകാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി കുറ്റപ്പെടുത്തി. സകല പരിധികളും കഴിഞ്ഞു കടമെടുക്കുകയും കൊള്ളപ്പലിശക്ക് മസാല ബോണ്ട് വാങ്ങി കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്തു. കഴിഞ്ഞ 60 വർഷത്തിനിടെ കേരളത്തിനുണ്ടായ കടം 1.72 കോടി രൂപയുടെതായിരുന്നെങ്കിൽ തോമസ് ഐസക്കിന്റെ കാലയളവിൽ 3.25 ലക്ഷം കോടിയുടെ കടമുണ്ടായതായി ആന്റോ ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, മെഡിക്കൽ കോളജുകൾ, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി വൻ വികസന പദ്ധതികൾ നടപ്പാക്കിയിട്ട് പോലും വളരെ കുറഞ്ഞ പലിശക്ക് മാത്രമാണ് കടമെടുത്തത്. കിഫ്ബിയുടെ പേരിൽ തോമസ് ഐസക് വിദേശത്തുനിന്ന് മസാല ബോണ്ട് വാങ്ങിയത് 9.72 ശതമാനം പലിശക്കാണ്. കേരളത്തിലെ ജനങ്ങളെ ഗാരന്റിയായി നൽകിയാണ് ഇത്രയും കടമെടുപ്പ് നടത്തിയത്.
പരിധി വിട്ടുള്ള കടമെടുപ്പ് കാരണം കേന്ദ്രസഹായം കുറഞ്ഞു. അപ്പോഴും കേരളത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ പാടില്ലെന്ന കാരണത്താൽ കേന്ദ്രസഹായത്തിനുവേണ്ടി യു.ഡി.എഫ് നിലപാടെടുത്തു. എന്നാൽ, ഇന്നിപ്പോൾ സാമ്പത്തിക സ്ഥിതി താറുമാറായി. പെൻഷനുകൾ മുടങ്ങി. വിലക്കയറ്റം രൂക്ഷമായി. സ്കൂളുകളിൽ ഉച്ചക്കഞ്ഞിയും സ്കോളർഷിപ്പുകളും മുടങ്ങി.
എന്നാൽ, മസാല ബോണ്ടിൽ കൂടിയ പലിശക്ക് കടമെടുത്തെന്ന ആരോപണം തോമസ് ഐസക് തള്ളി. ഇന്ത്യൻ രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് മസാല ബോണ്ട് വാങ്ങിയത്. മറ്റു കടമെടുപ്പുകളെല്ലാം ഡോളറിന്റെ മൂല്യത്തിലാണ്. ഇതാകുമ്പോൾ വിപണിയിൽ ഡോളറിനുണ്ടാകുന്ന വ്യതിയാനത്തിനനുസൃതമായി തുക ഉയരും.
എന്നാൽ, മസാലബോണ്ടിന്റെ പലിശ ഇന്ത്യൻ പണത്തിന്റെ അടിസ്ഥാനത്തിൽ ക്ലിപ്തമായിരിക്കും. പശ്ചാത്തല മേഖലയിൽ വൻമുന്നേറ്റമാണ് കിഫ്ബി മുഖേനയുണ്ടായത്. കേരളത്തിന്റെ സമ്പദ്ഘടനയിലും വളർച്ചയുണ്ടായി. എന്നാൽ, കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. വരുമാന സ്രോതസ്സുകളുള്ള പദ്ധതികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ് കിട്ടും.
എന്നാൽ, മെഡിക്കൽ കോളജുകൾ, റോഡുകൾ, പാലങ്ങൾ ഇവക്ക് ഇത്തരത്തിൽ പണം ലഭ്യമാകില്ല-ഐസക് പറഞ്ഞു.
അധികാര ദുർവിനിയോഗമോ?
എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് പ്രചാരണം നടത്തുന്നതെന്ന് ആന്റോ ആന്റണിയും ആരോപിച്ചു. പി.എസ്.സി പട്ടികയിലുള്ളവർ തൊഴിലിനുവേണ്ടി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുമ്പാൾ സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്തി തൊഴിൽ വാഗ്ദാനം ചെയ്തു ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതേ ഏജൻസികൾ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനു സഹായം ചെയ്യുന്നുണ്ട്.
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വോട്ടുപിടിത്തം നടത്തുന്നു. ഔദ്യോഗിക പരിപാടികളുടെ വേദി സ്ഥാനാർഥി ഉപയോഗപ്പെടുത്തുന്നതായും ആന്റോ ആരോപിച്ചു. മൈഗ്രേഷൻ കോൺക്ലേവ് നടത്തി താൻ മുന്നോട്ടുവച്ച ആശയമാണ് വിജ്ഞാന പത്തനംതിട്ടയെന്നും ഇതിനെ പ്രചാരണ വിഷയമാക്കുന്നതിൽ തെറ്റില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. വോട്ടർമാരുള്ള വേദികളിൽ താൻ പോകാറുണ്ട്. ഇവിടെയൊന്നും ഔദ്യോഗിക പരിപാടികളിൽ പ്രസംഗിച്ച് വോട്ടു തേടിയിട്ടില്ലെന്നും ഐസക് വിശദീകരിച്ചു.
സ്ഥാനാർഥി സംഗമവാർത്തയിൽ പ്രസ്ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു സ്വാഗതം പറഞ്ഞു-എന്ന് കൂടി ചേർക്കാൻ താത്പര്യം.
വികസന ആശയങ്ങൾ Vs വികസന നേട്ടങ്ങൾ
പത്തനംതിട്ട മണ്ഡലത്തിന്റെ പശ്ചാത്തല വികസനത്തിനുതകുന്ന പദ്ധതികളുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് തോമസ് ഐസക്. കേരളത്തിലെ ആദ്യത്തെ വിജ്ഞാന മണ്ഡലമായി പത്തനംതിട്ടയെ പരിവർത്തനം ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം. മൈഗ്രേഷൻ കോൺക്ലേവിലൂടെ തുടക്കമിട്ട ഈ പദ്ധതി ഇന്ന് തൊഴിൽദായക രംഗത്ത് മുന്നേറ്റം കുറിച്ചിരിക്കുകയാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള തൊഴിൽ അവസരങ്ങൾ പത്തനംതിട്ടക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളത്. കൃഷിയെ ആധുനികവത്കരിക്കുകയും ഇതിലൂടെ കർഷകർക്ക് വരുമാനം ഇരട്ടിയാക്കുകയുമെന്നതാണ് രണ്ടാമത്തെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 വർഷത്തിനിടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു.
പരിമിതകളേറെ ഉണ്ടായെങ്കിലും കേന്ദ്ര പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരാനായി. കോന്നി, ചെന്നീർക്കര കേന്ദ്രീയ വിദ്യാലയങ്ങൾ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തനം തുടങ്ങി. എം.പി ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് ആശുപത്രികൾക്ക് ആംബുലൻസുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ നൽകി. ദേശീയ പാത 183 എ, തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം, ഗ്രീൻഫീൽഡ് ദേശീയ പാതക്ക് പുതിയ അലൈൻമെന്റ് തുടങ്ങിയ പദ്ധതികൾ നേടിയെടുത്തു. ജൽജീവൻ മിഷൻ പദ്ധതിയിലൂടെ 3159 കോടിയാണ് മണ്ഡലത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് റബർ വിലത്തകർച്ചക്ക് ഉത്തരവാദി
റബർ വിലത്തകർച്ചക്ക് കാരണം ആസിയാൻ കരാറെന്നായിരുന്നു തോമസ് ഐസകിന്റെ വാദം. ആസിയാൻ കരാർ മുഖേനയുള്ള വില ഇടിവെന്ന പാപഭാരത്തിൽ നിന്നു കോൺഗ്രസിന് കൈകഴുകാനാകില്ലെന്നും റബർ കർഷകർക്ക് ഏറ്റവുമധികം സബ്സിഡി നൽകിയത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരാണെന്നും വില കൂടണമെങ്കിൽ ടയർ ലോബിയുടെ കള്ളക്കളികൾ പൊളിക്കണമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
എന്നാൽ, കോൺഗ്രസ് സർക്കാർ ഭരിച്ചപ്പോഴാണ് റബറിനു മെച്ചപ്പെട്ട വില ലഭിച്ചതെന്നും ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഇറക്കുമതി കൂട്ടി വില ഇടിച്ചതായും ആന്റോ പറഞ്ഞു. റബർ ബോർഡിന്റെ അധികാരങ്ങളും എടുത്തുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.