കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ചെയർമാൻ
text_fieldsജില്ല ആസ്ഥാനത്തെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബി പദ്ധതിപ്രകാരം കരാർ എടുത്ത ലോട്ടസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് (കേരള) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കരാർ റദ്ദ് ചെയ്ത് ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ കത്ത് നൽകിയിരിക്കുകയാണ്.
പത്തനംതിട്ട നഗരത്തിലെ പഴയ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് കിഫ്ബി സഹായത്തോടെ അനുവദിച്ച പദ്ധതി നിർവഹണത്തിന് 2021 ജൂൺ 25നാണ് കമ്പനി വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുമായി കരാറിൽ ഏർപ്പെട്ടത്. പദ്ധതി പൂർത്തീകരണത്തിന് കരാർ പ്രകാരം ഒമ്പതുമാസമാണ് കാലാവധി.
സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിനെത്തുടർന്ന് നീട്ടി നൽകി. ലോട്ടസ് കമ്പനിയുടെ അഭ്യർഥനയെത്തുടർന്ന് വീണ്ടും ജലവിഭവവകുപ്പ് കാലാവധി നീട്ടി നൽകിയെങ്കിലും സമയപരിധി മേയിൽ അവസാനിച്ചു. പ്രവൃത്തി പൂർത്തീകരിക്കുന്നത് വൈകിയാൽ ജനങ്ങളെ അണിനിരത്തി സമര പരിപാടികളിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് ചെയർമാൻ പറഞ്ഞു. പൈപ്പിടൽ പണികളെത്തുടർന്ന് നഗരത്തിൽ നിത്യവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
തുള്ളിവെള്ളമില്ലാത്ത ആഴ്ചകൾ
ആഴ്ചകളാകുകയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടിയിട്ട്. ടൗൺ, പേട്ട, കലക്ടറേറ്റ്, വെട്ടിപ്പുറം ഭാഗങ്ങളിൽ ഒന്നും വെള്ളം കിട്ടുന്നില്ല. വലിയ ദുരിതത്തിലാണ് ആളുകൾ. വലിയ തുക മുടക്കി ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനത്തിൽ കുടിവെള്ളം എത്തിക്കുകയാണ് നാട്ടുകാർ.
വിവിധ സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും അവതാളത്തിലാണ്. പുതിയ പൈപ്പിടൽ പണികൾ തുടങ്ങിയതോടെയാണ് നഗരത്തിലെ ജലവിതരണം താറുമാറായത്. ഒരു വർഷം മുമ്പ് തുടങ്ങിയ പൈപ്പിടൽ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന്റെ പേരിൽ നഗരം മുഴുവൻ വെട്ടിക്കുഴിച്ച് കുളമാക്കി. കാൽനട പോലും സാധ്യമല്ല. മഴകൂടി പെയ്യുന്നതോടെ വാഹനങ്ങളും കുഴിെയടുത്ത ഭാഗങ്ങളിൽ പുതയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.