ഇഴഞ്ഞുനീങ്ങി ജില്ല സ്റ്റേഡിയം നിർമാണം
text_fieldsപത്തനംതിട്ട: വിവാദങ്ങൾക്കും, ദീർഘനാളത്തെ കാത്തിരിപ്പിനും വിരാമമിട്ട് ആരംഭിച്ച ജില്ല സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടക്കത്തിലേ ഒച്ചിഴയും വേഗത്തിൽ. മഴയും ആവശ്യത്തിന് മണ്ണും ലഭിക്കാത്തതാണ് പ്രശ്നമായി പറയുന്നത്. നഗരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിഫ്ബി മുഖേനയുള്ള പദ്ധതിക്ക് 47.93 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒമ്പത് ലൈനുകളുള്ള സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളിൽ തന്നെ ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, ഫെൻസിങ്, റോളർ സ്കേറ്റിങ് പരിശീലന ഗ്രൗണ്ടുകൾ, ഓഫീസ്, സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുണ്ടാകുക.
കഴിഞ്ഞ മാർച്ചിലാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. ഒരു ശതമാനം പണികൾ മാത്രമാണ് ഇതുവരെ നടന്നത്. തുടക്കത്തിൽ കോഴഞ്ചേരി ഭാഗത്ത് നിന്നാണ് മണ്ണ് എത്തിച്ചിരുന്നത്. പിന്നീട് മലയാലപ്പുഴ, കോന്നി ഭാഗങ്ങളിൽ നിന്നും മണ്ണ് കൊണ്ടുവന്നു. ഗുണനിലവാര പരിശോധനയിൽ എ ഗ്രേഡ് ലഭിക്കുന്ന മണ്ണാണ് നിർമാണത്തിനു വേണ്ടത്. സിന്തറ്റിക് ട്രാക്കിന് മേൽത്തരം മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണ് ലഭിക്കാൻ സാധ്യതയുള്ള പല പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പികളുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കിഫ്ബിയുടെയും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുടെയും എൻജിനീയർമാർ ഇക്കാര്യം കലക്ടറെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഗുണനിലവാരമുള്ള മണ്ണ് ലഭിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജിയോളജി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
12 ഏക്കർ സ്ഥലമാണ് മണ്ണിട്ട് ഉയർത്തേണ്ടത്. സ്റ്റേഡിയത്തിന്റെ മധ്യഭാഗത്ത് ഒന്നര മീറ്ററും അതിരുകളിൽ 60 സെന്റിമീറ്റർ വരെയും ഉയർത്താൻ കുറഞ്ഞത് 20,000 ടണ്ണോളം മണ്ണ് വേണം. അതിരുകളിൽ ഓട കെട്ടാൻ കരിങ്കല്ലും അനുബന്ധ സാമഗ്രികളും തമിഴ്നാട്ടിൽ നിന്ന് എത്തിച്ചിരുന്നു. മഴ കാരണം പൈലിങ് ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്. പവലിയൻ വിപുലീകരണത്തിനുള്ള പരിശോധന പൈലിങ്ങാണ് നടന്നുവന്നത്. മഴയെ തുടർന്ന് ഇലക്ട്രിക് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. വശങ്ങളിലെ ഓടകളിൽ വെള്ളം നിറഞ്ഞ് ഒഴുകുകയാണ്. കിഫ്ബിയുടെയും ഊരാളുങ്കലിന്റെയും 12 എൻജിനlയർമാർക്കാണ് പദ്ധതി മേൽനോട്ടം.
മന്ത്രി വീണ ജോർജ്, ജില്ല കളക്ടർ, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ്, വിവിധ വകുപ്പ് മേധാവികൾ എന്നിവരടങ്ങുന്ന സമിതി മാസംതോറും അവലോകന യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.