ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണം തിങ്കളാഴ്ച ആരംഭിക്കും
text_fieldsഅടൂർ: ഏഴംകുളം -കൈപ്പട്ടൂർ റോഡ് നിർമാണം തിങ്കളാഴ്ച തുടങ്ങുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.12 മീറ്റർ വീതിയിലാണ് ടാറിങ്. 12 മീറ്റർ ഇല്ലാത്ത സ്ഥലങ്ങളിൽ സൗജന്യമായി സ്ഥലം വിട്ടു നൽകുന്നവർക്ക് സംരക്ഷണ ഭിത്തിയും മതിൽ ഉള്ളവർക്ക് മതിലും സൗജന്യമായി സർക്കാർ നിർമിച്ച് നൽകും. 80 ശതമാനം ഭൂവുടമകളും ഇതിനായി സമ്മതപത്രം നൽകിയിട്ടുണ്ട്.
എങ്കിലും ചില പ്രദേശങ്ങളിൽ ആളുകൾ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഏഴംകുളത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലത്തെ ജനങ്ങളുടെ യോഗം ഡെപ്യൂട്ടി സ്പീക്കർ വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, വാർഡ് അംഗങ്ങളായ എസ്. ഷീജ, ബാബു ജോൺ എന്നിവരും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനങ്ങളുടെ സംശയങ്ങൾക്ക് യോഗം കൃത്യമായ വിശദീകരണം നൽകി. 12 മീറ്റർ വീതിയില്ലാത്ത സ്ഥലങ്ങളിൽ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവേയർക്ക് നിർദേശം നൽകി. എത്രയും വേഗം സർേവ പൂർത്തീകരിക്കാമെന്ന് അവർ ഉറപ്പു നൽകിയതായി ചിറ്റയം പറഞ്ഞു.
ആശങ്കക്ക് ഒരു അടിസ്ഥാനവുമില്ലെന്നും റോഡ് പണി തുടങ്ങുന്നത് അറിഞ്ഞുള്ള ഗൂഢമായ രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി യോഗവും നടന്നു.കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ ബിന്ദുമാധവൻ, പ്രോജക്ട് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജിജി തോമസ്, അസി. എൻജിനീയർ കെ.വൈ. ഫിലിപ്പ്, പ്രോജക്ട് എൻജിനീയർ രാംകുമാർ, സൂപ്പർവൈസർ മെർലി ജോൺ, അയൂബ്, കരാറുകാരൻ രാജീവ് മാത്യു, എൻജിനീയർ ജേക്കബ് റോബിൻ തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ കൊടുമൺ പഞ്ചായത്തിൽനിന്ന് പണി ആരംഭിക്കും.
മതിലുകൾ പൊളിക്കുന്നതും പോസ്റ്റ് മാറ്റി ഇടുന്നതും കലുങ്ക് നിർമാണവും അടക്കമുള്ള പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ. അത് പൂർത്തീകരിച്ചാലുടൻ രണ്ടാം ഘട്ടമായി റോഡ് പണി ആരംഭിക്കും. 28 കലുങ്ക്, പാലം, ഓട, ബസ് ഷെൽട്ടർ, സംരക്ഷണഭിത്തി എന്നിങ്ങനെയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.10.208 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.