ന്നാ താൻ കേസ് കൊട്... പത്തനംതിട്ട നഗരസഭയെ വെല്ലുവിളിച്ച് കരാർ കമ്പനി
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്ത് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡ് നന്നാക്കാൻ കരാറെടുത്ത ലോട്ടസ് കമ്പനിക്ക് സമയം നൽകിയിട്ടും ഫലംകണ്ടില്ല. റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങിയിട്ടും കാരാറുകാരന് കുലുക്കമില്ല. ‘ന്നാ താൻ കേസ് കൊട്’ എന്ന നിലപാടിലാണിപ്പോൾ കരാറുകാരൻ.
മഴക്കാലം കൂടിയായതോടെ വലഞ്ഞത് നഗരത്തിൽ താമസിക്കുന്നവരും വ്യാപാരികളും പുറമെനിന്ന് എത്തുന്ന യാത്രക്കാരുമാണ്. പുതിയ പൈപ്പിടുന്നതിന്റെ ഭാഗമായി ടി.കെ റോഡിൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ കുമ്പഴ വരെ കുഴിച്ച് കുളമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സെന്റ് പീറ്റേഴ്സ് ജങ്ഷൻ, കലക്ടറേറ്റ്, സെൻട്രൽ ജങ്ഷൻ, അബാൻ, കണ്ണങ്കര തുടങ്ങി നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തകർന്ന് കിടക്കുകയാണ്. റോഡുകൾ തകർന്നതോടെ ജനരോഷവും ശക്തമായി. നഗരത്തിൽ ഗതാഗത തടസ്സവും രൂക്ഷമായി.
അപകടങ്ങളുമുണ്ടായി. ഇതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ മന്ത്രിമാരായ വീണ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗവും നടന്നു. ഈ യോഗത്തിലാണ് കരാറുകാരനായ കരുനാഗപ്പള്ളി ആസ്ഥാനമായ ലോട്ടസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ജൂൺ 30 വരെ സമയവും അനുവദിച്ചത്. 2021 ജൂണിലാണ് കരാർ ഒപ്പിട്ടത്. ഒമ്പത് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാമെന്നായിരുന്നു കരാർ. ഇതിനിടെ നാലുതവണ കരാർ നീട്ടി നൽകി. എന്നിട്ടും പണി പൂർത്തിയായില്ല.
നഗരത്തിലെ പ്രധാന റോഡുകളുടെ വശങ്ങളിൽ പൈപ്പ് പുനഃസ്ഥാപിക്കാൻ എടുത്ത കുഴികൾ പൂർവസ്ഥിതിയിലാക്കാത്തതിനെ തുടർന്ന് ജല അതോറിറ്റിക്കെതിരെ നഗരസഭ പരസ്യമായി രംഗത്തുവന്നിരുന്നു. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി അടിയന്തരമായി റോഡ് പുനഃസ്ഥാപിക്കണമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകിയിരുന്നു. കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ തുടങ്ങാൻ നഗരസഭ സെക്രട്ടറിക്കും നിർദേശം നൽകി.
പരിഹാരം കാണാതെ വന്നതോടെ കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ പത്തനംതിട്ട നഗരസഭ നടപടികളാരംഭിച്ചിരിക്കയാണ്. നഗരസഭ സെക്രട്ടറി കെ.കെ. സജിത്കുമാർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അഡ്വ. മുഹമ്മദ് അൻസാരി മുഖേന ഫയൽ ചെയ്ത കേസിൽ പ്രാരംഭ വാദം കേട്ട മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട പൊലീസിന് നിർദേശം നൽകി. തുടർന്ന് നഗരസഭ സെക്രട്ടറി 48 മണിക്കൂറിനകം മൺകൂനകളും കുഴികളും നികത്തി റോഡ് പൂർവസ്ഥിതിയിലാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്.
നഗരസഭ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്ന വ്യക്തിക്ക് പിഴകൂടാതെ തടവ് ശിക്ഷ നൽകാൻ കഴിയുന്ന വകുപ്പുകൾ ചേർത്തിട്ടുണ്ട്. മുമ്പ് വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെയാണ് ഈ കമ്പനിയെന്നും പറയുന്നു. ഇനിയും ധാരാളം ജോലികൾകൂടി ചെയ്തുതീർത്താൽ മാത്രമേ റോഡ് അറ്റകുറ്റപ്പണി നടത്താൻ കഴിയൂ. പുതുതായി സ്ഥാപിച്ച പൈപ്പുകൾക്ക് കണക്ഷൻ കൊടുത്ത് അതിലൂടെ വെള്ളം തുറന്നുവിട്ട് ചോർച്ചയുണ്ടോയെന്ന് ആദ്യം പരിശോധിക്കണം.
പിന്നീട് പഴയ പൈപ്പിലെ കണക്ഷനുകൾ മുഴുവൻ പുതിയതിലേക്ക് മാറ്റണം. ഇതിന് ശേഷമേ പുതിയ പൈപ്പിട്ട ഭാഗം കുഴി മൂടി റോഡ് ടാർ ചെയ്യാൻ പറ്റുകയുള്ളൂ. ഇതിന് ആഴ്ചകൾ എടുക്കും.വെള്ളിയാഴ്ച ഉച്ചയോടെ കലക്ടറേറ്റിന് സമീപം പൈപ്പിനായി കുഴിച്ച കുഴിയിൽ യാത്രക്കാരൻ വീണ് പരിക്കേറ്റു.
നഗരത്തിൽ ഇന്ന് യു.ഡി.എഫ് സമരം
പത്തനംതിട്ട: നഗരത്തിൽ പൈപ്പിടാൻ വെട്ടിമുറിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ ഉറപ്പ് പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും നിശ്ചലമായ അബാൻ മേൽപാലം നിർമാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടും നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതൃത്ത്വത്തിൽ ശനിയാഴ്ച രാവിലെ 10.30ന് അബാൻ ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ സമരം നടത്തുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.