ജനനേതാവിന് യഥാർഥ ജനവിധിയേകി നാട്
text_fieldsപന്തളം: മനസ്സിൽ ആരാധിക്കുന്ന ജനനായകനെ അവസാനമായി കാണാൻ രാത്രി പകലാക്കി മാറ്റി പന്തളത്തെ പ്രവർത്തകർ. പാതിരാത്രിയും എം.സി റോഡ് ജനസാഗരമായി മാറി. ആലപ്പുഴ ജില്ലയിലെ കിഴക്കൻ മേഖലയിൽനിന്നും പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽനിന്നും നിരവധി പേരാണ് പന്തളത്തേക്ക് ഒഴുകിയെത്തിയത്.
വിലാപയാത്ര ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പന്തളത്ത് എത്തുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ എം.സി റോഡിന് ഇരുവശവുമായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ കാത്തുനിന്നു. ജനബാഹുല്യം നിമിത്തം വൈകുമെന്ന് അറിഞ്ഞിട്ടും ആരും പിരിഞ്ഞുപോയില്ല.
വ്യാഴാഴ്ച പുലർച്ച രണ്ടിനാണ് വിലാപയാത്ര പന്തളത്ത് എത്തിയത്. പന്തളം ജങ്ഷനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ മുതൽ നേതാക്കളും നിലയുറപ്പിച്ചു.വൈകീട്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നീണ്ടനിരയും. തുമ്പമൺ, പന്തളം തെക്കേക്കര, കൊടുമൺ, കുരമ്പാല തുടങ്ങിയ മേഖലയിൽനിന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പന്തളത്ത് എത്തിച്ചേർന്നു.
എം.സി റോഡിലെ ഗതാഗതം പൊലീസ് തിരിച്ചുവിട്ടതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പന്തളത്ത് അന്ത്യോപചാരം അർപ്പിച്ചത്.പകരംവെക്കാനാകാത്ത രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും അതുകൊണ്ടാണ് രാത്രി ഏറെ വൈകിയിട്ടും കണ്ട വൻജനസാന്നിധ്യമെന്നും പന്തളത്ത് എത്തിച്ചേർന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
പ്രായമായവരും കുട്ടികളുമടക്കം ഉമ്മൻ ചാണ്ടിയുടെ ഫ്രെയിം ചെയ്ത ഫോട്ടോയുമായാണ് എത്തിയത്. കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പാടുപെട്ടാണ് രാത്രി ജനങ്ങളെ നിയന്ത്രിച്ചത്. സ്ത്രീകളുടെ കരച്ചിലും പലയിടത്തും ഉയർന്നു. കുളനടയിൽ റാന്നി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും ക്രമീകരണം ഒരുക്കിയിരുന്നു. എം.പിമാരായ ആന്റോ ആൻറണി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മൈക്കിലൂടെ തിരക്കൊഴിവാക്കാൻ നിരന്തരം അഭ്യർഥിച്ചുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.