റോഡ് കുത്തിപ്പൊളിച്ച് ജല അതോറിറ്റിയുടെ ‘വികസനം’
text_fieldsകോന്നി: കോന്നി സെൻട്രൽ ജങ്ഷനിൽ ഇരുഭാഗത്തും പൈപ്പ് നിർമാണത്തിനെടുത്ത വലിയ കുഴികൾ മൂടാത്തത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ജല അതോറിറ്റി സംസ്ഥാന പാതയുടെ ഇരുവശവുമായി കുഴി എടുത്തത്.
എന്നാൽ, കൃത്യമായി അറ്റകുറ്റപ്പണി നടത്തി പൈപ്പ് മൂടാതെ നിരുത്തരവാദപരമായ സമീപനമാണ് ജല അതോറിറ്റി അധികൃതരുടേത്. ഇതോടെ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് കോന്നി നഗരം. കോന്നി നഗരത്തിലെ ഗതാഗതക്കുരുക്ക് നാൾക്കുനാൾ രൂക്ഷമാണ്. കോന്നി മാമൂട് മുതൽ എലിയറക്കൽ വരെ ഭാഗത്ത് കഴിഞ്ഞ ദിവസം പകൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളാണ് നീളുന്നത്. മാരൂർ ഭാഗത്തെ പാലത്തിന്റെ നിർമാണം നടക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
എലിയറക്കൽ മുതൽ തുടങ്ങുന്ന കുരുക്ക് മാമ്മൂട് വരെ പലപ്പോഴും നീളാറുണ്ട്. കോന്നി സെൻട്രൽ ജങ്ഷൻ, ചൈനാമുക്ക്, ചന്തഭാഗം എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണിക്കായി എടുത്ത കുഴികൾ ജല അതോറിറ്റി യഥാസമയം മൂടാത്തത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ചൈനാമുക്കിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം നടുറോഡിൽ പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ജല അതോറിറ്റി അധികൃതർ അറിഞ്ഞമട്ടില്ല.
കോന്നി ട്രാഫിക് ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഗാർഡിന്റെയും അവസ്ഥ അതിലേറെ ദയനീയമാണ്. നാല് റോഡുകൾ കൂടിച്ചേരുന്ന ഈ ഭാഗത്ത് ജല അതോറിറ്റി വക കുഴിയും കെ.എസ്.ടി.പി വക ഇളക്കിയിട്ടിരിക്കുന്ന റോഡും കൂടിയായപ്പോൾ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. ട്രാഫിക് ജങ്ഷനിൽ എടുത്ത കുഴിയോട് ചേർന്നാണ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഓട കടന്നുപോകുന്നത്.
എന്നാൽ, മണ്ണിട്ട് നികത്താത്ത ഓടക്ക് സമീപത്ത് കൂടി പോകുന്ന കാൽനടക്കാർ കാൽവഴുതി വീഴാവുന്ന സാഹചര്യവും നിലനിൽക്കുന്നു. കൂടാതെ കോന്നി നഗരത്തിലെ അനധികൃത പാർക്കിങ്ങും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. റോഡിലെ വീതികുറഞ്ഞ ഭാഗത്താണ് വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. പഞ്ചായത്തും പൊലീസും പലതവണ ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടും ഇവയെല്ലാം കടലാസുകളിൽ മാത്രം ഒതുങ്ങുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.