ഭരണകക്ഷിയുടെ അനിഷ്ടം; മലയാലപ്പുഴയിൽ കുടുംബശ്രീ ഹോട്ടൽ പൂട്ടിച്ചു
text_fieldsപത്തനംതിട്ട: ഭരണകക്ഷി നേതാക്കളുടെ അനിഷ്ടത്തെ തുടർന്ന് 10 വർഷത്തിലധികമായി മലയാലപ്പുഴയിൽ പ്രവർത്തിച്ചുവന്ന കുടുംബശ്രീ ഹോട്ടൽ അടച്ചു പൂട്ടിച്ചു. കോവിഡ് കാലത്തടക്കം നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേക്കാണ് പൂട്ട് വീണത്. ആറ് കുടുംബശ്രീ പ്രവർത്തകർ ചേർന്ന് 10 വർഷം മുമ്പ് തുടങ്ങിയ സംരംഭമാണ് തകർത്തത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി. ടി.പി.സി) മലയാലപ്പുഴയിലെ അമിനിറ്റി സെന്ററിലാണ് കഫേ പ്രവർത്തിച്ചു വന്നത്.
മുന്നറിയിപ്പില്ലാതെ കെട്ടിടത്തിൽനിന്ന് ഒഴിയാൻ കുടുംബശ്രീ വനിതകളോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആറന്മുള, വടശ്ശേരിക്കര, കുളനട പ്രദേശങ്ങളിലെ അമിനിറ്റി സെന്ററുകൾ കാടുപിടിച്ച് നശിക്കുമ്പോഴാണ് മലയാലപ്പുഴയിൽ സജീവമായി നിലനിന്നത്.
അംഗീകാരം നേടിയ കൂട്ടായ്മ
2014ൽ ജില്ലയിലെ ഏറ്റവും നല്ല സി.ഡി.എസായി തെരഞ്ഞെടുക്കപ്പെട്ട മൗണ്ട് ഇൻ കഫേ കുടുംബശ്രീ കൂട്ടായ്മയുടെ വിജയഗാഥ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സൗകര്യവും ഒരുക്കി നൽകിയിരുന്നതും മൗണ്ട് ഇൻ കഫേ പ്രവർത്തകരാണ്.
പാർട്ടി പ്രസിദ്ധീകരണത്തിന്റെ വരിക്കാരാകാൻ പ്രാദേശിക നേതാക്കൾ സമീപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കുടുംബശ്രീ വനിതകൾ പറയുന്നു. തുടർന്ന് നേതാക്കളുടെ അനിഷ്ടത്തിന് ഇരയായതാണ് തങ്ങളുടെ ജീവിതം വഴിമുട്ടിച്ചതെന്ന് ഇവർ പറയുന്നു.
ഇതിനിടെ പാർട്ടി കമ്മിറ്റികളിൽ ഇവരെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചയും നടന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കുടുംബശ്രീ വനിതകളെ ഇവിടെ നിന്ന് പുറത്താക്കുന്നത് ചില പ്രവർത്തകർ എതിർത്തിരുന്നതായും പറയുന്നു. മുൻ കാലങ്ങളിലെപ്പോലെ തങ്ങളെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ ജില്ല മിഷനും ഡി.ടി.പി.സി അധികൃതർക്കും കത്ത് നൽകിയിരുന്നതായും അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായും കുടുംബശ്രീ വനിതകൾ പറഞ്ഞു. ഇതിനിടെ സി.പി.എം നേതാക്കൾ ചേർന്ന് പാർട്ടി അനുകൂലികളായ ചിലരെ ഹോട്ടൽ നടത്തിപ്പ് ചുമതലയേൽപിച്ചതായി സൂചനയുണ്ട്.
ഇനി എന്ത് ചെയ്യണമെന്നറിയില്ല
ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ഹോട്ടൽ നടത്തിയിരുന്ന വനിതകൾ ഇതോടെ പെരുവഴിയിലായി. പൂട്ട് വീണതോടെ വായ്പ മുടങ്ങിയിരിക്കുകയാണ്. വായ്പയെടുത്ത് വാങ്ങിയ എ.സി അടക്കം ഉപകരണങ്ങൾ നശിച്ചുതുടങ്ങി.
ഹോട്ടൽ നടത്തിപ്പിന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ വിവിധ ഫർണിച്ചർ, പാത്രങ്ങൾ, ഫ്രിഡ്ജ് എന്നിവ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ തങ്ങളുടെ കുടുംബങ്ങളുടെ ഏക വരുമാനമാർഗം ഇല്ലാതായതുമൂലം ഭാവി അനിശ്ചിതത്വത്തിലായതായും വനിതകളും പറയുന്നു. ഇനി എന്ത് ചെയ്യണമെന്നറിയില്ല. വിഷമം ഉള്ളിലൊതുക്കി അവർ പറഞ്ഞു .
കുടുംബശ്രീ വനിതകളെ തുടരാൻ അനുവദിക്കണം -കോൺഗ്രസ്
പത്തനംതിട്ട: മലയാലപ്പുഴ ടൂറിസം അമിനിറ്റി സെന്ററിൽ വർഷങ്ങളായി ഹോട്ടൽ സംരംഭം നടത്തിക്കൊണ്ടിരുന്ന കുടുംബശ്രീ വനിതകളെ ഒഴിപ്പിച്ച നടപടി പുനഃപരിശോധിച്ച് അവരെ തുടരാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് എന്നിവർ ആവശ്യപ്പെട്ടു. തുടരാൻ അനുവദിക്കണമെന്ന് ജില്ല കുടുംബശ്രീ മിഷൻ, ഡി.ടി.പി.സി അധികൃതരോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. ഇടതു ഭരണത്തിലുള്ള മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും സി.പി.എം നേതാക്കളും ഭരണത്തിന്റെ തണലിൽ സ്വജന പക്ഷപാതവും രാഷ്ട്രീയ വിവേചനവും കാട്ടുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് കുടുംബശ്രീ വനിത സംരംഭകരോട് കാട്ടിയതെന്നും ഇതിനെതിരെ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.