കടുവക്കൂട്ടിൽ നായ വീണു; ഭയമൊഴിയാതെ പെരുനാട് മേഖല
text_fieldsവടശ്ശേരിക്കര: കടുവ ഭീഷണി നിലനിൽക്കുന്ന പെരുനാട് ബെഥനിമല കോളാമല പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. ഇതിനിടെ കടുവയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ നായ വീണു. ബഥനിമല ഭാഗത്ത് കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊലപ്പെടുത്തിയതിനു സമീപമാണ് വനംവകുപ്പ് കടുവയെ പിടിക്കാനുള്ള കൂട് സ്ഥാപിച്ചത്.
ഇതിനുള്ളിൽ കൊല്ലപ്പെട്ട പശുവിന്റെ മാംസവും മറ്റും തീറ്റയായി വെച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സമീപപ്രദേശത്തുള്ള നാടൻപട്ടി കൂട്ടിലകപ്പെട്ടത്. ഇതിനു സമീപത്തായി കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്ത് കനത്ത ആശങ്ക പടർന്നിരിക്കുകയാണ്. ഇരുപത് ദിവസം മുമ്പ് ഈ സ്ഥലത്തെത്തിയ കടുവ ഒരു പശുവിനെ കൊന്നിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു കോളാമലക്ക് സമീപം പട്ടാപ്പകൽ ആൾതാമസമുള്ള വീടിന്റെ പരിസരത്തുവരെ കടുവയെ കണ്ടതോടെയാണ് വനംവകുപ്പെത്തി കടുവക്ക് കൂട് സ്ഥാപിക്കുന്നത്. എന്നാൽ, പിന്നീട് ദിവസങ്ങളോളം ഈ പ്രദേശത്ത് കടുവയെത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ബഥനി പുതുവൽ കോളാമല പ്രദേശങ്ങളിൽ കാടു മൂടിയ നിരവധി പുരയിടങ്ങളുണ്ട്.
ഇതിനുള്ളിലാവാം കടുവയുടെ താവളമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒഴിഞ്ഞുപോയെന്നു കരുതിയ കടുവയുടെ സാന്നിധ്യം വീണ്ടും തിരിച്ചറിഞ്ഞതോടെ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശവും തോട്ടം മേഖലയുമായ ബഥനി, കോളാമല, പുതുവൽ ഭാഗങ്ങളിൽ കാലിവളർത്തലും സ്വൈര ജീവിതവും തടസ്സപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.