വിവരങ്ങൾ വിരൽത്തുമ്പിൽ; പത്തനംതിട്ട ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല തയാർ
text_fieldsപത്തനംതിട്ട: ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല നഗരസഭ ലൈബ്രറിയിൽ ഉദ്ഘാടനത്തിന് തയാറായി. 22ന് നടക്കുന്ന ചടങ്ങിൽ പുതുതായി തയാറാക്കിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഉപന്യാസം, ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള സമ്മാനവും വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകൾക്കുള്ള ആദരവും നൽകും.
വായനക്കാർക്ക് അലമാരകളിൽ തിരയാതെ പുസ്തകങ്ങൾ എവിടെയുണ്ടെന്ന് കമ്പ്യൂട്ടറിൽനിന്ന് മനസ്സിലാക്കാനാകുന്ന സൗകര്യമാണ് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നഗരസഭ ലൈബ്രറിയിൽ ലഭ്യമാകുന്നത്. കൃതി, എഴുത്തുകാരൻ, പ്രസാധകൻ, വർഷം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയതിനാൽ തെരഞ്ഞെടുക്കാൻ എളുപ്പമാകും. വെബ്സൈറ്റിലൂടെ ആവശ്യക്കാർക്ക് മൊബൽഫോൺ ഉൾപ്പെടെ ഉപകരണങ്ങളിലൂടെ പുസ്തക വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ചുവടുവെപ്പിലൂടെ കാലാനുസൃതമായി മാറുകയാണ് നഗരത്തിന്റെ ഗ്രന്ഥശാല.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 35,000 പുസ്തകമാണ് നഗരസഭ ലൈബ്രറിയിൽ ഉള്ളത്. ഇവയുടെയെല്ലാം വിശദാംശങ്ങൾ ഡേറ്റാബേസിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുസ്തകങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന ഡി.ഡി.സി നമ്പറും ബുക്ക് നമ്പറും നൽകി ബാർകോഡ് പതിച്ചു. തുടർന്ന് ഇവ നമ്പർ അനുസരിച്ച് നിശ്ചിത സ്ഥാനങ്ങളിൽ ക്രമീകരിക്കുന്ന ജോലികളും പൂർത്തിയായി. കോഹ സോഫ്റ്റ്വെയർ ഉപയോഗിച്ചാകും ഇനിയുള്ള പ്രവർത്തനങ്ങൾ.
വായനക്കാരുടെ അംഗത്വ വിവരങ്ങൾ, എടുത്ത പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും കൈവശമുള്ള പുസ്തകങ്ങളും ഇതിലൂടെ അറിയാൻ കഴിയും. വിവരങ്ങൾ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി പുസ്തകങ്ങളുടെ ലഭ്യത വിവരങ്ങൾ ഓൺലൈനിലൂടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമായി നിശ്ചിത ദൂരപരിധിയിൽ താമസിക്കുന്നവർക്ക് ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുസ്തകങ്ങൾ വീട്ടിലെത്തിക്കാനുള്ള സേവനവും ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.