ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പതാക ഉയരും
text_fieldsപത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച പത്തനംതിട്ടയിൽ പതാക ഉയരും. പതാക ജാഥ തിങ്കളാഴ്ച രാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന ട്രഷറർ എസ്.കെ. സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു.
കൊടിമരജാഥ ചൊവ്വാഴ്ച രാവിലെ എട്ടിന് ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഹഖ് മിഥിലാജ് രക്തസാക്ഷിമണ്ഡപത്തിൽനിന്ന് പുറപ്പെടും. ദീപശിഖ പ്രയാണം ചൊവ്വാഴ്ച തിരുവല്ലയിൽ സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.യു. ജനീഷ്കുമാറിന്റെ നേതൃത്വത്തിൽ പുറപ്പെടും.
ജാഥകൾ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല അതിർത്തിയായ ഇടിഞ്ഞില്ലത്ത് എത്തിച്ചേരും. തുടർന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മൂന്ന് ജാഥയെയും പത്തനംതിട്ട നഗരത്തിലേക്ക് ആനയിക്കും. പൊതുസമ്മേളന നഗരിയായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും.
28ന് രാവിലെ 10ന് പി. ബിജു നഗറിൽ( ശബരിമല ഇടത്താവളം) തുടങ്ങുന്ന പ്രതിനിധി സമ്മേളനം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്യും. 30വരെ നീളുന്ന പ്രതിനിധി സമ്മേളനത്തിൽ 519 പ്രതിനിധികളും 29 നിരീക്ഷകരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും കേന്ദ്ര കമ്മിറ്റി പ്രതിനിധികളും പങ്കെടുക്കും.
30ന് വൈകീട്ട് ചേരുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള അവസാന ഒരുക്കം പൂർത്തിയായി വരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ദിവസവും കലാസന്ധ്യയും അനുബന്ധ പരിപാടികളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.