പുതിയ ബ്ലോക്കിന് 26ന് കല്ലിടും; പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടങ്ങൾ പൊളിച്ചു
text_fieldsപത്തനംതിട്ട: ജില്ല കേന്ദ്രത്തിലെ ജനറൽ ആശുപത്രിയുടെ ഒ.പി, അത്യാഹിത വിഭാഗം കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുനീക്കി. പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും. 5.80 ലക്ഷം രൂപക്കാണ് പൊളിച്ചുനീക്കൽ കരാർ. പൊളിച്ചുനീക്കിയ സാധനങ്ങൾ ഫെബ്രുവരി 25ന് മുമ്പ് നീക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഒപി ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ ബ്ലോക്കുകളുടെ ശിലാസ്ഥാപനവും പീഡിയാട്രിക് ഐസിയു, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇഹെൽത്ത് എന്നിവയുടെ ഉദ്ഘാടനവുമാണ് 26നു നടക്കുന്നത്. ജനറൽ ആശുപത്രിയുടെ നിയന്ത്രണാധികാരം ജില്ല പഞ്ചായത്തിനു കൈമാറിയതിനു പിന്നാലെ പുതിയ മാനേജ്മെന്റ് കമ്മിറ്റി രൂപവത്കരണ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ.
ആശുപത്രിയിലെ നിർമാണവുമായി ബന്ധപ്പെട്ട് ഏർപെടുത്തിയ താത്കാലിക ക്രമീകരണങ്ങൾ നഗരസഭയാണ് നടത്തിവന്നത്. ഇതിനിടയിലായിരുന്നു സർക്കാർ ഉത്തരവിലൂടെ ആശുപത്രി കൈമാറിയത്. ഇതിനു പിന്നാലെ നഗരസഭയുടെ ഇടപെടൽ അവസാനിപ്പിച്ചു.
ജനറൽ ആശുപത്രിയുടെ നിയന്ത്രണാധികാരം ജില്ലാ പഞ്ചായത്ത് ചോദിച്ചു വാങ്ങിയതല്ലെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ. നഗരസഭ പരിധിയിലെ ആശുപത്രിയുടെ ഭരണച്ചുമതല നഗരസഭയിൽ നിന്ന് മാറ്റി ജില്ല പഞ്ചായത്തിനെ ഏൽപച്ചതു സംബന്ധിച്ച വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴാണ് ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല കൂടി കൈമാറിക്കിട്ടിയത് അറിയുന്നത്. നിലവിൽ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയുടെ ചുമതല ജില്ല പഞ്ചായത്തിനുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രി കൂടി കൈമാറിക്കിട്ടിയ സാഹചര്യത്തിൽ കൂടുതൽ ഫണ്ട് കൂടി ലഭ്യമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.