സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു
text_fieldsപത്തനംതിട്ട: രോഗികളുടെ എണ്ണം കൂടിയതിനു അനുസരിച്ച് വർഷങ്ങൾക്കു മുമ്പുള്ള തസ്തികകൾ പ്രകാരം നിയമനങ്ങൾ ഒതുങ്ങുന്നതോടെ ജില്ലയിലെ സർക്കാർ ആതുരാലയങ്ങളുടെ പ്രവർത്തനം താളംതെറ്റുന്നു. കോഴഞ്ചേരി ജില്ല ആശുപത്രിയിലും മറ്റ് ജനറൽ-താലൂക്ക് ആശുപത്രികളിലും കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. പനി നൂറു കടന്നാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതാണ് ജില്ലയിലെ ആരോഗ്യ മേഖലയെന്നാണ് വർഷങ്ങളായുള്ള ആരോപണം.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ജില്ലയായിട്ടും ഈ ദുര്യോഗത്തിൽനിന്ന് കരകയറാൻ ഇതുവരെയും മലയോര ജില്ലക്കായിട്ടില്ല. ആവശ്യത്തിന് ഡോക്ടർമാരും മറ്റ് പാരമെഡിക്കൽ ജീവനക്കാരും ഇല്ലാതെ ജില്ല നട്ടംതിരിയുകയാണ്. ഇതിനിടെ ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തിയ ഡോക്ടർമാരും ജീവനക്കാരും ദിവസങ്ങൾ അവധിയിൽ പ്രവേശിക്കുന്നതും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇതിനിടെ താൽക്കാലി ജീവനക്കാർക്ക് ക്യത്യമായി വേതനം ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു.
മന്ത്രി ഉണ്ടായിട്ടെന്താ കാര്യം; ഡോക്ടർ ഇല്ല
ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ നേത്ര രോഗം, മെഡിസിൻ, സർജറി, ഗൈനക്കോളജി വിഭാഗങ്ങളിലായി അഞ്ച് ഡോക്ർമാരുടെ ഒഴിവാണുള്ളത്. ഫിസിഷ്യന്മാരുടെ മൂന്ന് തസ്തികകൾ ഉള്ളതിൽ ഒന്ന് ഒഴിഞ്ഞു കിടക്കുകയാണ്. ഒരു ഡോക്ടർ ഉണ്ടായിരുന്നത് രണ്ട് മാസമായി അവധിയിലാണ്. അഞ്ച് അസി. സർജന്മാരുള്ളതിൽ ഒരാൾ ഫിസിഷനാണ്. മെഡിസിൻ വിഭാഗത്തിൽ ആളില്ലാത്തതിനാൽ ഈ ഡോക്ടറെ ആ വിഭാഗത്തിൽ ഉപയോഗിക്കുകയാണ്. ആറ് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ (സി.എം.ഒ) ഉള്ളതിൽ ഒരാളെയും ഇവിടെ നിയോഗിച്ചിരിക്കുകയാണ്. സർജറി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്നതിൽ രണ്ടു പേരാണ് നിലവിലുള്ളത്
കാർഡിയോളജി വിഭാഗത്തിൽ ഡോക്ടറുടെ തസ്തിക ഇല്ല.
ഫിസിഷൻ വിഭാഗത്തിലെ തസ്തികയിൽ നിയമിച്ച കാർഡിയോളജി ഡോക്ടറാ ണ് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ നടത്തുന്നത്. നേത്രരോഗ വിഭാഗത്തിലും ഡോക്ടർമാരുടെ കുറവുമൂലം പല ദിവസങ്ങളിലും ഒ.പിയിൽ എത്തുന്നവർക്ക് ചികിത്സ കിട്ടുന്നില്ലെന്നു പരാതിയുണ്ട്.
രണ്ടു പേരിൽ ഒരാൾ അവധിയെടുക്കുന്നതോടെ ശസ്ത്രക്രിയകളോ നേത്ര ചികിത്സ ക്യാമ്പോ ഉണ്ടായാൽ നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റും.
കിലോമീറ്ററുകൾ യാത്രചെയ്ത് എത്തുന്നവർ ചികിത്സ കിട്ടാതെ വലയുമ്പോൾ, തങ്ങൾക്കൊരു ആരോഗ്യ മന്ത്രിയുണ്ടായിട്ടെന്താ കാര്യമെന്നാണ് രോഗികളുടെ പൊതുവിമർശനം.
നൂറുകണക്കിന് രോഗികളെ പരിശോധിക്കേണ്ടി വരുന്നു;കുറിച്ചുകൊടുക്കുന്ന മിക്ക മരുന്നുകളും പുറമെനിന്നും വാങ്ങുകയാണ്.
ഡോക്ർമാരുശട കുറവുമൂലം ഒ.പിയിൽ എത്തുന്നവർ ചികിത്സ കിട്ടാതെ മടങ്ങുകയാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ അടുത്ത് വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
കൂടുതൽ ഡോക്ടർമാർ അവധിയിൽ പോകുന്ന രണ്ടാം ശനിയാഴ്ചകളിലാണ് പ്രത്യേക വിഭാഗം ഒ.പികൾ വെട്ടിക്കുറക്കുന്നതുമൂലം മറ്റു വിഭാഗങ്ങളിൽ ചികിത്സക്ക് എത്തുന്നവർ ജനറൽ ഒ.പിയിലേക്ക് ഇടിച്ചുകയറുകയാണ്.
ഒരു രോഗിയെ കാണാനും കാര്യങ്ങൾ ചോദിച്ചറിയാനും ചികിത്സക്കും പത്ത് മിനിറ്റെങ്കിലും വേണ്ട സ്ഥാനത്ത് മൂന്നു മിനിറ്റിൽ കുറവു മാത്രമാണ് കിട്ടുന്നതെന്ന് ഡോക്ടർമാരും പറയുന്നു. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന രോഗികൾ പലപ്പോഴും പ്രതിഷേധസ്വരം ഉയർത്തുകയും ചെയ്യും. അത്യാവശ്യ മരുന്നുകൾപലതും ഇവിടെ ലഭ്യമല്ല. കുറിച്ചുകൊടുക്കുന്ന മിക്ക മരുന്നുകളും പുറമെനിന്നും വാങ്ങുകയാണ്. ഗതാഗത ബുദ്ധിമുട്ടുകൾ നേരിടുന്ന മലയോര പ്രദേശത്തുനിന്ന് മണിക്കൂറുകൾ താണ്ടി എത്തുന്ന സാധാരണക്കാർ ഇതോടെ സർക്കാർ ആശുപത്രികളെ പഴിച്ചാണ് മടങ്ങുന്നത്. കാർഷിക ഉൽപന്നങ്ങൾക്ക് വൻ വിലയിടിവ് നേരിട്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന തങ്ങൾക്ക് സ്വകാര്യ ആശുപത്രികൾ ബാലികേറാമലയാണെന്ന് സീതത്തോട്ടിൽനിന്ന് പത്തനംതിട്ടിയിൽ ചികിത്സ തേടി എത്തിയ ദിവാകരൻ പറയുന്നു.
ചേരിപ്പോരിൽ വേതനം മുടങ്ങി ജീവനക്കാർ
പത്തനംതിട്ട നഗരസഭ അധ്യക്ഷനും ആരോഗ്യ മന്ത്രിയും തമ്മിലുള്ള ചേരിപ്പോരിൽ ജനറൽ ആശുപത്രിയിൽ വേതനം മുടങ്ങിയത് ജീവനക്കാർക്കാണ്. ആശുപത്രി മാനേജിങ് കമ്മിറ്റി ജീവനക്കാരായ 77 ജീവനക്കാർ കഴിഞ്ഞമാസത്തെ വേതനം കിട്ടാതെ നട്ടംതിരിയുകയാണ്. വേതനം ലഭിക്കായതോടെ വീടുകൾ പട്ടിണിയിലാകുന്ന സ്ഥിതിയാണ്.
സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, എക്സ്റേ, സി.ടി സ്കാൻ, ഫാർമസിസ്റ്റ്, ഒ.പി ടിക്കറ്റ് കൗണ്ടർ ക്ലർക്ക് തുടങ്ങി വിവിധ തസ്തികകളിൽ 63, സെക്യൂരിറ്റി വിഭാഗത്തിൽ 14 ഉൾപ്പെടെ ജീവനക്കാരെയാണ് മാനേജിങ് കമ്മിറ്റി നിയമിച്ചിരിക്കുന്നത്. ശമ്പള ഇനത്തിൽ ഒരുമാസം 13.11 ലക്ഷം രൂപയാണ് ഇവർക്കായി ചെലവിടുന്നത്. ജനറൽ ആശുപത്രിയുടെ നടത്തിപ്പ് നഗരസഭയിൽനിന്നു മാറ്റി ജില്ല പഞ്ചായത്തിനു കൈമാറി ജനുവരി 30നാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറങ്ങിയത്. എന്നാൽ, ഇതുസംബന്ധിച്ച് നഗരസഭക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. കൈമാറിയ ഉത്തരവ് ഇറങ്ങിയതിനാൽ എച്ച്.എം.സി ജീവനക്കാർക്കു ശമ്പളം നൽകാനുള്ള ചെക്കിൽ നഗരസഭ അധ്യക്ഷൻ ഒപ്പിട്ടില്ല. ജനറൽ ആശുപത്രിതയുടെ നടത്തിപ്പുചുമതല നഗരസഭയിൽനിന്ന് മാറ്റി ജില്ല പഞ്ചായത്തിനെ എൽപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയതെയന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.