ഭരണസമിതി പിരിച്ചുവിട്ടു; എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയന് അഡ്ഹോക് കമ്മിറ്റി
text_fieldsപത്മ കഫേ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ താലൂക്ക് യൂനിയൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ അഴിമതി ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം നടപടി സ്വീകരിച്ചതെന്ന് പറയുന്നു
പത്തനംതിട്ട: എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയൻ ഭരണസമിതി പിരിച്ചുവിട്ടു. പുതിയ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. പ്രഫ. കെ.ജി. ദേവരാജൻ നായരാണ് എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂനിയൻ ചെയർമാൻ. ഇത് രണ്ടാം തവണയാണ് പത്തനംതിട്ട താലൂക്ക് യൂനിയനെ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകുന്നത്.
താലൂക്ക് യൂനിയൻ പ്രസിഡന്റായിരുന്ന അഡ്വ. സോമനാഥൻ നായരുടെ നിര്യാണത്തെ തുടർന്ന് 2020 ഡിസംബറിൽ അഡ്വ. ഹരിദാസ് ഇടത്തിട്ട പ്രസിഡന്റായി. എന്നാൽ, ഭരണസമിതിക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ പിരിച്ചുവിടുകയായിരുന്നു.
2022 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഹരിദാസ് ഇടത്തിട്ട പ്രസിഡന്റും പ്രഫ. കെ.ജി. ദേവരാജൻ നായർ വൈസ് പ്രസിഡന്റുമായി 18 അംഗ ഭരണസമിതി നിലവിൽ വന്നു. പരാതികളും വിഭാഗീയതയും മറ്റും വീണ്ടും ഉയർന്നുവന്നതിനാലാണ് ഭരണസമിതിയെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പിരിച്ചുവിട്ടത്.
ഹരിദാസ് ഇടത്തിട്ടക്ക് പുറമെ അഖിലേഷ് കാര്യാട്ട്, എ.ആർ. രാജേഷ്, പ്രദീപ്, അജിത്കുമാർ, ശ്രീജിത് എന്നിവരെ ഒഴിവാക്കിയാണ് നിലവിലെ വൈസ് പ്രസിഡന്റ് പ്രഫ. കെ.ജി. ദേവരാജൻ നായരെ ചെയർമാനായി പുതിയ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചത്. പഴയ സമിതിയിലെ 11 പേരെ നിലനിർത്തിയും പുതുതായി നാലു പേരെ ഉൾപ്പെടുത്തുകയും ചെയ്തു.
പത്മ കഫേ നടത്തിപ്പ് ഉൾപ്പെടെ അടുത്തിടെ താലൂക്ക് യൂനിയൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ അഴിമതി ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം നടപടി സ്വീകരിച്ചതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.