ചുവരെഴുത്തും തുണിബാനറും തിരിച്ചെത്തി; പ്ലാസ്റ്റിക്കിന് വോട്ടില്ല
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന ജില്ല ഭരണകൂടത്തിെൻറ നിർദേശം ഫലംകാണുന്നു. പ്രചാരണത്തില്‍ ഫ്ലക്‌സ് കാണാനേയില്ല.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാകണം പ്രചാരണമെന്ന് ഹൈകോടതിയുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറയും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനവുമുണ്ട്. ഇതോടെ പ്രചാരണ രീതികള്‍ പഴയകാലത്തേക്ക് മടങ്ങുകയാണ്. പലയിടത്തും ചുവരെഴുത്തുകളും തുണി ബാനറുകളും നിറഞ്ഞുകഴിഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നിർദേശമുണ്ട്. ഫ്ലക്‌സും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പൂര്‍ണമായി നിരോധിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തുണികളില്‍ ബാനര്‍ പ്രിൻറ് ചെയ്യുന്നവര്‍ക്കും ചുവരെഴുത്തുകാര്‍ക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ഗുണകരമായിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ എഴുതുന്ന തുണി ബാനറിനും ആവശ്യക്കാരേറെയാണ്.
വോട്ടെടുപ്പിന് ശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന വസ്തുക്കളും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയും നീക്കംചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ പ്രത്യേകം ശേഖരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ചുമതല. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
വോട്ടെടുപ്പ് കഴിഞ്ഞാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ സാമഗ്രികള്‍ അഞ്ച് ദിവസങ്ങള്‍ക്കകം നീക്കംചെയ്യണം. ഇല്ലെങ്കില്‍ നീക്കം ചെയ്യുന്ന ചെലവ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്നും ഈടാക്കാം.
നിയമം ലംഘിച്ച് നിരോധിത വസ്തുക്കളുപയോഗിച്ച് പ്രിൻറിങ് നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും 10,000, 25,000, 50,000 രൂപ വീതം പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
ഹരിതചട്ടം ഉറപ്പാക്കുന്നതിനായി ശുചിത്വമിഷെൻറ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും നടത്തും. ഇതിനായി ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്ററെ ഹരിതചട്ട പാലനത്തിലുള്ള ജില്ല നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ കലക്ടറുടെ നേതൃത്വത്തില്‍ നടത്തും.
പ്രചാരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കലക്ടർ പി.ബി. നൂഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.