ചൂട് കൂടുന്നു; രോഗങ്ങള്‍ക്കെതിരെ വേണം ജാഗ്രത
text_fieldsപത്തനംതിട്ട: ജില്ലയില്‍ ചൂട് കൂടുന്നതിനാലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ സാധാരണ ലക്ഷണങ്ങള്‍.
ടാപ്പില്‍നിന്നുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കം ഛർദിയും വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം എന്നിവയുണ്ടായാല് പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം അടിയന്തര വൈദ്യസഹായം തേടണം.
ശ്രദ്ധിക്കാം ഇവയെല്ലാം
- അഞ്ചു മിനിറ്റെങ്കിലും വെട്ടിത്തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
- തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്
- പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക
- ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക
- ആഹാരം ചൂടാറും മുമ്പ് കഴിക്കുക, ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുക
- തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം പാടില്ല
- ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
- കുട്ടികള്‍ മണ്ണില്‍ കളിച്ചശേഷം കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
- കിണർ വെള്ളം പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം
- ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം
- തയാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണെന്ന് ഉറപ്പു വരുത്തണം
- പുറത്തുപോകുമ്പോള്‍ കുടിവെള്ളം കരുതുക
- വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ സൂക്ഷിക്കുക
- ഈച്ച ശല്യം ഒഴിവാക്കുക.
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കും. വയറിളക്ക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, നാരങ്ങ വെള്ളം എന്നിവ ഇടക്കിടെ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.