വിദ്യാർഥിനിയെ ആക്രമിച്ച സംഭവം; യുവജന സംഘടനകളുടെ ഏറ്റുമുട്ടൽ തുടരുന്നു
text_fieldsപത്തനംതിട്ട: കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാർഥിനിയെ എസ്.എഫ്.െഎ നേതാവ് മർദിച്ചെന്ന പരാതിയിൽ പരസ്പരം ആരോപണങ്ങളുമായി ഭരണപക്ഷ-പ്രതിപക്ഷ യുവജന സംഘടനകൾ. കേസെടുക്കാൻ വൈകിപ്പിച്ച ആറന്മുള എസ്.എച്ച്.ഒ മനോജിനെ അന്വേഷണച്ചുമതലയിൽനിന്ന് മാറ്റിയിരുന്നു. പരാതിക്കാരിക്കെതിരായ പട്ടികജാതി-വർഗ വകുപ്പിൽപെട്ട കേസ് കൂടി പരിഗണിച്ച് അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. പരാതിക്കാരി മുൻ എസ്.എഫ്.ഐ പ്രവർത്തകയാണെന്ന് പറയുന്നു. സംഘടനയിലെ അഭിപ്രായ വ്യത്യാസത്തിന് പുറമെ, കോളജിൽ വിദ്യാർഥി സംഘടന നേതാക്കൾക്ക് സർവകലാശാല പരീക്ഷ എഴുതാൻ അനധികൃതമായി ഹാജർ അനുവദിച്ചത് ചോദ്യംചെയ്തതും അക്രമത്തിൽ കലാശിച്ചെന്നാണ് സൂചന. തന്റെ മൂക്കിന് ഇടിച്ചു പരിക്കേൽപിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിയുമായി ആറന്മുള പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുക്കാൻ തയാറായില്ല. ഇവർക്കെതിരെ സഹപാഠിയായ വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർ നൽകിയ പരാതിയിൽ കേസെടുത്തു. ഇരയുമായി ഒത്തുതീർപ്പിന് സി.പി.എം-പൊലീസ് തലങ്ങളിൽ നടത്തിയ ശ്രമം പാളിയതോടെയാണ് വിദ്യാർഥിനിക്കെതിരെ എസ്.എഫ്.ഐ പിന്തുണയോടെ പരാതികൾ നൽകിയത്. ആറന്മുള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി വിദ്യാർഥിനി പത്തനംതിട്ട സി.ജെ.എം. കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. എസ്.സി-എസ്.ടി വകുപ്പുകൾ ചേർത്തെടുത്ത കേസ് റദ്ദാക്കണമെന്ന് വിദ്യാർഥിനി ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ പ്രവര്ത്തകക്കുപോലും നീതി ലഭിക്കുന്നില്ല -യൂത്ത് കോണ്‍ഗ്രസ്
കോഴഞ്ചേരി: പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കുന്ന സാധാരണക്കാര്‍ക്കോ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ മാത്രമല്ല എസ്.എഫ്.ഐ വനിത പ്രവര്ത്തകക്കുപോലും നീതി ലഭിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജില്‍ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് മാർച്ച് വൻ പൊലീസ് സാന്നിധ്യത്തിൽ തടഞ്ഞു. തുടർന്ന് ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതിനുശേഷം പിരിഞ്ഞുപോയി.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ഏഴംകുളം അജു, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് രജനി പ്രദീപ്, കെ.എസ്.യു ജില്ല പ്രസിഡന്റ് അലന് ജിയോ മൈക്കിള്‍, കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് മുന്‍ പ്രസിഡന്റ് വി.ആര്. ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.