ബൈക്കിലെത്തി മാല പൊട്ടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsഅടൂർ: ബൈക്കിലെത്തി കമിതാക്കൾ മാല പൊട്ടിച്ച കേസിൽ കടന്നുകളഞ്ഞ പ്രധാന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം പേരിങ്ങല മാരൂർതറ പടീറ്റതിൽ മുഹമ്മദ് അൻവർഷായാണ് (24) അടൂർ പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ സരിതയെ (27) സംഭവം നടന്ന ഉടൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടരക്ക് പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പന്റെ (61) അഞ്ചുപവൻ വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികൾ പൊട്ടിച്ചെടുത്തത്. തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി, ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ തടഞ്ഞുവെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പൊട്ടിച്ചെടുത്ത സ്വർണമാല സരിതയിൽനിന്നും പൊലീസ് കണ്ടെടുത്തു. ഇരുവരും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണക്കേസിൽ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. സംഭവശേഷം കടന്നുകളഞ്ഞ അൻവർഷായെ നാട്ടുകാരും പൊലീസും രാത്രി മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം, അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിലും സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലും പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
24 മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്തു. കായംകുളം കറ്റാനത്ത് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസ് സംഘം 40 കിലോമീറ്ററോളം പിന്തുടർന്ന ശേഷം കൈപ്പട്ടൂർ ജങ്ഷനു സമീപം സാഹസികമായി കീഴടക്കുകയായിരുന്നു. അടൂർ എസ്.ഐ എം. മനീഷ്, സി.പി.ഒമാരായ സൂരജ്. ആർ. കുറുപ്പ്, എം.ആർ. മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാർച്ചിൽ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഇവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.