തീർഥാടനം കഠിനമായേക്കും; പുനലൂർ -മൂവാറ്റുപുഴ പാതയിലും അയ്യപ്പന്മാരുടെ യാത്ര ബുദ്ധിമുട്ടാകും
text_fieldsകോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണം തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ ശബരിമല തീർഥാടനത്തിന് ഒരുങ്ങുമ്പോഴും പണി ഇഴയുന്നത് തീർഥാടകർക്ക് ബുദ്ധിമുട്ടാകും. മുറിഞ്ഞകൽ മുതൽ കോട്ടയംമുക്ക് വരെ നിർമാണം ഇനിയും പൂർത്തിയാകേണ്ടതുണ്ട്. കോന്നി ചൈനാമുക്ക് മുതൽ കുമ്പഴ വരെയാണ് ഇപ്പോൾ ടാറിങ് നടന്ന് ഗതാഗതയോഗ്യമായത്.
വകയാർ, മാരൂർ പാലം, കൂടൽ ഭാഗത്തെ കലുങ്ക് തുടങ്ങി മൂന്ന് സ്ഥലങ്ങളിലാണ് പാലം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ മാരൂർ പാലത്തെ നിർമാണ പ്രവർത്തനങ്ങൾ ഒരുഭാഗം പൂർത്തിയായി. ഇത് ഉടൻ തുറന്നുനൽകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ വകയാർ, കൂടൽ ഭാഗങ്ങളിൽ പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. മണ്ഡലകാലത്ത് അന്തർസംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങൾ അടക്കം കടന്നുവരുമ്പോൾ പാലം നിർമാണം പൂർത്തിയാക്കാത്തത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകാനും സാധ്യതയുണ്ട്.
നിലവിൽ നിർമാണം നടക്കുന്ന പാലങ്ങളുടെ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, വാഹനയാത്രക്കാർ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത് പതിവാണ്. ഈ തവണയും അയ്യപ്പഭക്തരുടെ വാഹനങ്ങൾ വർധിക്കുമ്പോൾ തിരക്ക് കൂടും.
കോന്നി നഗരത്തിൽ മാസങ്ങളായി മുടങ്ങിക്കിടന്ന ടാറിങ് വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് പൂർത്തിയാക്കിയത്. പിന്നീട് അന്തർസംസ്ഥാന തീർഥാടകർ തെരഞ്ഞെടുക്കുന്ന പാതയാണ് ചെങ്കോട്ട - അച്ചൻകോവിൽ-തണ്ണിത്തോട് - ശബരിമല പാത. ഇതിൽ അച്ചൻകോവിൽ മുതൽ കോന്നി കല്ലേല്ലി വരെയുള്ള കാനനപാതയിൽക്കൂടി ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുവരുകയുള്ളൂ. റോഡിന് വീതി കൂട്ടിയെങ്കിൽ ശബരിമല തീർഥാടകർക്ക് ആശ്വാസമാകുന്നതിനൊപ്പം കിലോമീറ്ററുകൾ ലാഭിക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.