തീർഥാടനകാലം ആരംഭിക്കാൻ ഒരുമാസം മാത്രം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സൗകര്യം സംബന്ധിച്ച് അനിശ്ചിതത്വം
text_fieldsനിലവിലെ കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകിക്കഴിഞ്ഞു. പ്രധാന കെട്ടിടം പൊളിക്കുന്നതോടെ അവിടെയുള്ള സംവിധാനങ്ങൾ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തി തുടരുന്നതുസംബന്ധിച്ച് അവ്യക്തത തുടരുകയാണ്
പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഒരുമാസം മാത്രം ബാക്കിയിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സൗകര്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ടുള്ള താൽക്കാലിക ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നിലവിലെ ഒ.പി, അത്യാഹിത വിഭാഗങ്ങളുടെ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടത്തിന്റെ പണി നവംബറിൽ ആരംഭിക്കാനാണ് തീരുമാനം. ഇതനുസരിച്ച് നിലവിലെ കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകിക്കഴിഞ്ഞു. പ്രധാന കെട്ടിടം പൊളിക്കുന്നതോടെ അവിടെയുള്ള സംവിധാനങ്ങൾ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തി തുടരുന്നതുസംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
അത്യാഹിത വിഭാഗം ബി ആൻഡ് സി ബ്ലോക്കിന്റെ താഴത്തെ നിലയിൽ മുമ്പ് കോവിഡ് പരിശോധന വിഭാഗം പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കുമാറ്റാനുള്ള നിർദേശമാണുള്ളത്. ഇതോടൊപ്പം പൊളിക്കുന്ന കെട്ടിടത്തിലെ ബ്ലഡ് ബാങ്കും ചില വാർഡുകളും ഇവിടേക്കുമാറ്റണം. ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് പൂർണ സജ്ജമായെങ്കിൽ മാത്രമേ ബദൽ ക്രമീകരണങ്ങൾ നടപ്പാക്കാനാകൂ.
നിലവിലെ ബി ആൻഡ് സി ബ്ലോക്കിന് ബലക്ഷയം ഉണ്ടെന്ന് പിഡബ്ല്യുഡി അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെട്ടിടത്തിന് കാലപ്പഴക്കം ഏറെയില്ലെങ്കിലും നിർമാണത്തിലെ പോരായ്മ മൂലം കോൺക്രീറ്റ് ബീമുകൾ അടക്കം പൊളിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന് കുലുക്കമുണ്ടെന്നും ആക്ഷേപമുയർന്നു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധന നടത്തിയിരുന്നു. എക്സിക്യൂട്ടിവ് എൻജിനീയറോടു വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കഴിഞ്ഞ എട്ടിനുകൂടിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിർദേശിച്ചെങ്കിലും ഇതേവരെയും നടപടികളായിട്ടില്ല. ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കാൻ നാലുകോടി അനുവദിച്ചിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് യോഗത്തിൽ അറിയിച്ചത്.
എന്നാൽ, കെട്ടിടം നവീകരിക്കുന്നതുവരെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നത് നിർത്തിവെക്കേണ്ടിവരും. ഡിസംബറിനകം പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചെങ്കിൽ മാത്രമേ എൻ.എച്ച്.എം ഫണ്ട് ലഭ്യമാകൂ.
നിലവിലെ ഒ.പി ബ്ലോക്ക് പൊളിച്ചുനീക്കിയാൽ ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് പേരിനുമാത്രമായിരിക്കും. കോന്നി മെഡിക്കൽ കോളജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ശബരിമല വാർഡിന് കൂടുതൽ സൗകര്യം നൽകാമെന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേത്. പത്തനംതിട്ടയിൽ കാർഡിയോളജി വിഭാഗം മാത്രം പ്രവർത്തിക്കുയെന്ന നിർദേശമാണുണ്ടായിരിക്കുന്നത്.
എന്നാൽ, തീർഥാടന പാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്നവരെയടക്കം വേഗത്തിൽ എത്തിക്കാൻ കഴിയുന്നത് ജനറൽ ആശുപത്രിയിലേക്കാണ്. കോന്നി മെഡിക്കൽ കോളജിൽ സ്ഥലസൗകര്യമുണ്ടെങ്കിലും സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. മെഡിക്കൽ കോളജിലേക്കുള്ള റോഡ് വികസനവും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.