മഴ മാറി, ദുരിതം ബാക്കി; 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 2637 പേര്
text_fieldsപത്തനംതിട്ട: മഴ ഒഴിഞ്ഞ് വെയിൽ തെളിഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിലെ പ്രളയദുരിതം ഒഴിയുന്നില്ല.തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയിലെ വെള്ളക്കെട്ട് കാരണം അഞ്ച് വില്ലേജുകളിലെ സാധാരണ ജനജീവിതം ഇപ്പോഴും താറുമാറായിരിക്കുകയാണ്.
വീട്ടുപരിസരം വെള്ളത്തിൽ മുങ്ങിയതിനാൽ വയോധികന്റെ സംസ്കാരം പാലത്തിൽവെച്ച് നടത്തേണ്ടിയും വന്നു. വീടുകളിൽനിന്ന് വെള്ളമൊഴിയാത്തതിനാൽ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 2637പേര് ഇപ്പോഴും കഴിയുന്നുണ്ട്. 781 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകള്‍. 53 ക്യാമ്പുകളിലായി 689 കുടുംബങ്ങളിലെ 2339 ആളുകളാണുള്ളത്.
അഞ്ച് ക്യാമ്പുകള്‍ ഞായറാഴ്ച അവസാനിപ്പിച്ചു. തിരുവല്ല നഗരമേഖലയില്‍ വെള്ളം ഒഴിഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിയതോടെയാണിത്. പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകള്‍ ഇപ്പോഴും പ്രളയക്കെടുതിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ ഈ പഞ്ചായത്തുകളിലാണ്. വീടുകള്‍ക്കുചുറ്റും വെള്ളം കയറിക്കിടക്കുന്നതുകൂടാതെ റോഡുകളിലെ വെള്ളം ഒഴിയാത്തതിനാല്‍ യാത്ര ബുദ്ധിമുട്ടുമുണ്ട്.
മഴ ഒഴിഞ്ഞുനിന്നാൽ ഇവിടെയുള്ള കൂടുതൽ വീടുകളിൽനിന്ന് അടുത്ത ദിവസങ്ങളിൽ വെള്ളം ഇറങ്ങിയേക്കും. എങ്കിലും ആളുകൾക്ക് വീടുകളിൽ താമസിക്കണമെങ്കിൽ വലിയ ശുചീകരണ പ്രവർത്തനം വേണ്ടിവരും. സേവന പ്രവർത്തനങ്ങളുമായി വിവിധ സന്നദ്ധ സംഘടനകൾ എങ്ങും സജീവമായുണ്ട്. ദുരിതബാധിതർക്ക് ഇത് വലിയ ആശ്വാസമായിട്ടുണ്ട്. ക്യാമ്പുകളിൽ ഒരുവിധത്തിലുള്ള കുറവും പരാതിയും ഉണ്ടാകാതിരിക്കാൻ റവന്യൂ അധികൃതരും ശ്രദ്ധിക്കുന്നുണ്ട്. കോഴഞ്ചേരി താലൂക്കിലും ഏഴ് ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 223 ആളുകള്‍ കഴിയുന്നുണ്ട്.
ആറന്മുള ഭാഗത്താണ് വീടുകളിൽ വെള്ളംകയറി കൂടുതൽപേർക്ക് ദുരിതം അനുഭവിക്കേണ്ടിവന്നത്. അടൂരില്‍ ഒരു ക്യാമ്പ് തുടരുന്നുണ്ട്. പന്തളം മേഖലയിലെ 19 കുടുംബങ്ങളിലെ 53 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മല്ലപ്പള്ളി താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. 10 കുടുംബങ്ങളിലെ 22പേരുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പത്തനംതിട്ട: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച യൂനിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതുപരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
വെള്ളമിറങ്ങാതെ പടിഞ്ഞാറൻ മേഖല
പന്തളം: മഴക്ക് ശമനമായെങ്കിലും വെള്ളമിറങ്ങാതെ പന്തളത്തെ പടിഞ്ഞാറൻ മേഖല. ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാട് മേഖലയിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് പന്തളത്തിന്റെ പടിഞ്ഞാറ് മേഖലയിലും വെള്ളക്കെട്ട് തുടരാൻ കാരണം ഞായറാഴ്ച ഒരു കുടുംബത്തെ ക്യാമ്പിൽ എത്തിച്ചു.അച്ചൻകോവിലാറിന്റെ തീരത്തുള്ള പാടശേഖരങ്ങളിലും വെള്ളക്കെട്ടിന് ഒരു കുറവും വന്നിട്ടില്ല. ഞായറാഴ്ച പൂർണമായും മഴ മാറി നിന്നെങ്കിലും കെടുതിക്ക് ശമനം വന്നിട്ടില്ല.
കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതാണ് സ്ഥിതി കൂടുതൽ രൂക്ഷമാകാൻ കാരണം. കന്നുകാലികളെ വെള്ളം കയറാത്ത പുരയിടത്തിൽ ഷീറ്റു മറയ്ക്കു കീഴിലായി പാർപ്പിച്ചിരിക്കുകയാണ്. ജലനിരപ്പ് താഴാതെ ഇവിടങ്ങളിലെ സ്കൂളുകളിൽ പഠനം അസാധ്യമാണ്.നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.ഒഴുകിയെത്തിയ മലിനജലം കിണറുകളിലെത്തിയതാണു കാരണം. ശുദ്ധജല വിതരണ പൈപ്പുകളെല്ലാം വെള്ളത്തിനടിയിലാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് റവന്യൂ വകുപ്പ് ഭക്ഷ്യധാന്യ കിറ്റ് നൽകി.
കനത്ത മഴ കർഷകർക്ക് തിരിച്ചടിയായി
പന്തളം: കാലവർഷം ചതിച്ചത് കർഷകരെ. ഓണക്കാലത്തേക്ക് പിടിപ്പിച്ച വാഴയടക്കം വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. പാടങ്ങളിൽനിന്നും പറമ്പിൽനിന്നും വെള്ളക്കെട്ട് പൂർണമായും ഒഴിവായാൽ മാത്രമേ കണക്കെടുപ്പ് പൂർത്തിയാക്കാൻ കഴിയൂ. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് നട്ട കാർഷിക വിളകൾ മിക്കതും വെള്ളം കയറി നശിച്ചു തുടങ്ങി.
ചേമ്പ്, ചേന, ഇഞ്ചി, പടവലം, പാവൽ, പയർ, വെള്ളരി, വഴുതന, കപ്പ, വെറ്റില എന്നിവയും നശിക്കുന്നു. നിരവധി വാഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ ഒടിഞ്ഞത്. മുടിയൂർക്കോണം, തോട്ടക്കോണം, മങ്ങാരം, കടയ്ക്കാട്, കുരമ്പാല പൂഴിക്കാട് പ്രദേശങ്ങളിലെ കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വയലുകളിലും കരഭൂമികളിലും കൃഷിചെയ്ത ഭൂരിപക്ഷം പേർക്കും മഴ നാശം വിതച്ചു. ആറു മാസങ്ങൾക്ക് മുമ്പ് കപ്പ കൃഷിക്ക് വിളവെടുപ്പ് സമയമായപ്പോഴാണ് വെള്ളം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.