ഭീതി വിട്ടൊഴിയാതെ പൊന്തനാംകുഴി നിവാസികൾ
text_fieldsകോന്നി: മഴ ശക്തമാവുകയും കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഒരു വീട് ഭാഗികമായി തകരുകയും ചെയ്തതോടെ ഭീതിയിലാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ പൊന്തനാംകുഴി ഐ. എച്ച്.ഡി.പി കോളനിവാസികൾ.
2019 ഒക്ടോബർ 21 നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. കോന്നി ഗ്രാമ പഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപ തെരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് ജിയോളജി വകുപ്പും ജില്ല കലക്ടറും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ പിന്നീട് പുതിയ ജനപ്രതിനിധിയും പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിൽ എത്തിയശേഷവവും ഇവരുടെ ജീവിത സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. ഇവർക്ക് വീട് വെക്കുന്നതിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നുവെങ്കിലും വാസയോഗ്യമായ ഭൂമി കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇത് പ്രതിസന്ധിയിലായി.
മുപ്പത്തിരണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് എങ്ങനെ വേണമെന്ന് ആലോചിക്കാൻ എം.എൽ.എ കെ.യു.ജനീഷ് കുമാർ റവന്യു, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ വീണ്ടും കോന്നിയിൽ മഴ ശക്തമാകുമ്പോൾ പൊന്തനാം കുഴി നിവാസികളുടെ മനസിൽ ഭീതി നിഴലിക്കുകയാണ്. മുപ്പത്തിരണ്ട് കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനി കുത്തനെയുള്ള ഭൂമിയിൽ ആയതിനാൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ സാധ്യത ഏറെയാണ്.
മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു
കോന്നി: ശക്തമായ മഴയിൽ കോന്നി പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു വീട് ഭാഗികമായി തകർന്നു. പൊന്തനാംകുഴി മുരുപ്പ് പരേതനായ ഗോപാലന്റെ വീടാണ് തകർന്നത്. വൈകുന്നേരം ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു സംഭവം.
ഗോപാലന്റെ മകൾ രമ, രമയുടെ മകൻ രോഹിത് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഉണ്ണിമായ, ഉണ്ണിമായയുടെ മകൾ എന്നിവരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീടിന് പിന്നിലെ മൺതിട്ട ഇടിഞ്ഞ് വീടിന്റെ ഒരുഭാഗം പൂർണ്ണമായി തകർന്നു.
ഗോപാലന്റെ ചെറുമകൻ രോഹിത് ഇടിഞ്ഞുവീണ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. റവന്യു വകുപ്പും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
2019 ൽ ഒക്ടോബർ 21 ന് ആണ് ഇവിടെ ആദ്യമായി മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിന് ശേഷം അപകട ഭീഷണിയിലായ മുപ്പത്തിരണ്ട് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ തീരുമാനിക്കുകയും ഭൂമി വാങ്ങാൻ സർക്കാർ പണം അനുവദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.