തീർഥാടനകാലം എത്തി; ഉഴുതുമറിച്ച കണ്ടംപോലെ പത്തനംതിട്ട ജില്ല ആസ്ഥാനത്തെ ഇടത്താവളം
text_fieldsപത്തനംതിട്ട: ശബരിമല പാതയുടെ പ്രവേശന കവാടമായ ജില്ല ആസ്ഥാനത്തെ പ്രധാന ഇടത്താവളത്തിൽ പുതിയ തീർഥാടന കാലം എത്തുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞവർഷത്തെ തീർഥാടനം കഴിഞ്ഞതോടെ കാടുകയറിയതാണ് ഇവിടം.
കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതില്ലെങ്കിലും ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള നിർമാണ പ്രവൃത്തി തുടങ്ങേണ്ടതുണ്ട്. ടോയ്ലറ്റുകൾ വൃത്തിയാക്കണം. ജല അതോറിറ്റിയുടെ വെള്ളം സംഭരിക്കുന്ന മൂന്ന് ടാങ്കുകളിൽ പ്രധാനപ്പെട്ട ഒന്ന് ദ്രവിച്ചു. ഇതിൽ വെള്ളം സംഭരിക്കാനാവില്ല.
ഇടത്താവളത്തിൽ മുകളിലും താഴെയുമായിട്ടാണ് അയ്യപ്പന്മാർക്ക് വിരിവെച്ച് കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കേണ്ടത്. മുകളിൽ 6000 ലിറ്റർ വെള്ളം സംഭരിക്കാനുള്ള ടാങ്കുണ്ട്. ഇവിടേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
പൈപ്പ് ലൈനിൽ ജലവിതരണം മുടങ്ങുമ്പോൾ പുറത്തുനിന്ന് വെള്ളം എത്തിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം തുലാമാസ പൂജ തൊഴുത്ത് മടങ്ങിയെത്തി ഇടത്താവളത്തിൽ വിശ്രമിച്ച തമിഴ്നാട് സ്വദേശികളായ അയ്യപ്പന്മാർക്ക് കുളിക്കാൻ മുകളിലെ വാട്ടർ ടാങ്കിൽനിന്ന് വെള്ളം കിട്ടാതെവന്നു. അവർ താഴെയിറങ്ങി വന്ന് പുറത്തെ ടാങ്കിൽനിന്ന് വെള്ളമെടുത്താണ് കുളി പൂർത്തിയാക്കിയത്.
ഉഴുതിട്ട കണ്ടംപോലെയാണ് ഇടത്താവളത്തിലെ പാർക്കിങ്. ഓണം ഫെസ്റ്റ് നടത്തിയ സ്വകാര്യ കമ്പനിയുടെ പന്തലുകളും ഉപകരണങ്ങളും കമ്പികളും പാർക്കിങ് ഏരിയയിൽ കിടക്കുന്നു. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ജോലി നടക്കുന്നു. ഇടത്താവളത്തിലേക്ക് കാറുകൾ അടക്കമുള്ള വാഹനങ്ങൾ കയറണമെങ്കിൽ പാർക്കിങ് ഏരിയയിൽ ഗ്രാവൽ നികത്തേണ്ടതുണ്ട്. വെള്ളക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തേക്ക് വാഹനങ്ങൾ പ്രവേശിച്ചാൽ തെന്നിമാറും.
ഇടത്താവളത്തിൽ പൊലീസ് എയിഡ്പോസ്റ്റും താൽക്കാലിക ആശുപത്രിയും പ്രവർത്തിക്കുന്ന കാബിനുകൾക്കുള്ളിൽ പുല്ല് വളർന്നുകയറി. ഹോമിയോ, ആയുർവേദ ആശുപത്രികളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത്. പത്തനംതിട്ട നഗരത്തിൽ മാത്രമല്ല ജില്ലയുടെ ഇതര ഭാഗങ്ങളിലും ഇടത്താവളങ്ങളുടെ സ്ഥിതി ഇതുതന്നെയാണ്. ഇടത്താവളങ്ങളെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ്.
ഫണ്ടില്ലാത്തതിന്റെ പേരിലാണ് ഇവ വൃത്തിയാക്കാനുള്ള ജോലി വൈകുന്നത്. തീർഥാടനം തുടങ്ങുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി കടമ നിർവഹിച്ചതായി വരുത്തുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.