വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച സോളാർ വേലി തകർന്നു
text_fieldsപത്തനംതിട്ട: മലയോര മേഖലയിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച സോളാർ വേലികൾ പലയിടത്തും തകർന്നു. കിടങ്ങുകൾ മണ്ണിടിഞ്ഞു വീണ് നികന്നു. സോളാർ വേലികൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി വനംവകുപ്പ് ലക്ഷങ്ങളാണ് ചെലവാക്കുന്നത്. പക്ഷേ, അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലയിൽ കോന്നി, റാന്നി വനംഡിവിഷനുകളിലെ ജനവാസ മേഖലയോടു ചേർന്നും തേക്ക് പ്ലാന്റേഷന് ചുറ്റുമാണ് സോളാർ വേലികൾ സ്ഥാപിച്ചിരിക്കുന്നത്.
വേലികൾ തകർന്നതാണ് ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കുറേ വർഷങ്ങളായി സോളാർ വേലി സ്ഥാപിക്കൽ നടക്കുന്നില്ല. തകർന്ന വേലികളുടെ അറ്റകുറ്റപ്പണി വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തികളിൽ മാത്രമാണ് നടക്കുന്നത്. മരങ്ങൾ ഒടിഞ്ഞുവീഴുന്നതും ആന ചവിട്ടുന്നതുമാണ് സോളാർ വേലികൾ തകരാൻ കാരണമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
ജനവാസ മേഖലയോടു ചേർന്ന് സ്ഥാപിച്ച സോളാർ വേലിയിലെ കമ്പിക്കും പോസ്റ്റിനും ഗുണനിലവാരമില്ലെന്ന ആക്ഷേപവുമുണ്ട്. ബ്രാൻഡഡ് കമ്പനികളുടെ ബാറ്ററി ഉപയോഗിക്കണമെന്ന് നിർദേശമുണ്ടായിട്ടും വ്യാജ ഐ.എസ്.ഐ മുദ്രപതിച്ച കമ്പനികളുടെ ബാറ്ററികൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കർഷകരുടെ ദീർഘനാളായുള്ള ആവശ്യത്തെ തുടർന്നാണ് സോളാർ വേലികൾ സ്ഥാപിച്ചതും കിടങ്ങുകൾ കുഴിച്ചതും.
വേലിക്ക് ഉപയോഗിച്ച കമ്പിക്ക് കനം കുറവാണെന്ന് കർഷകർ പറയുന്നു. കിടങ്ങുകൾ കുഴിക്കുന്നതിനിടെ വലിയ പാറ കണ്ടതിനെ തുടർന്ന് പണി ഉപേക്ഷിച്ച സ്ഥലങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.