ഇടത്താവളങ്ങൾ ഒരുങ്ങിയില്ല; തീർഥാടകരെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം
text_fieldsവടശ്ശേരിക്കര: ഇടത്താവളങ്ങൾ ഒരുങ്ങിയിട്ടില്ലാത്തതിനാൽ മണ്ഡലകാലത്ത് തീർഥാടകരെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം.ശബരിമല തീർഥാടകരുടെ ക്ഷേമത്തിനായി ലക്ഷങ്ങൾ കൈപ്പറ്റുന്ന പഞ്ചായത്തുകൾ ഇത്തവണയും മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെയാണ് തീർഥാടനകാലം തുടക്കത്തിലേ കല്ലുകടിയാകുമെന്ന സ്ഥിതിയുണ്ടാകുന്നത്. അയ്യപ്പന്മാർ വിരിവെക്കുന്ന ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെ നിരവധി മുന്നൊരുക്കങ്ങൾ ഒച്ചിഴയും പോലെയാണ് നടക്കുന്നത്. നാളെ ശബരിമല നടതുറക്കുകയും തീർഥാടക ഒഴുക്ക് ആരംഭിക്കുകയും ചെയ്യുന്നതോടെ ഗുണനിലവാരത്തിൽ വെള്ളം ചേർത്ത് ഫണ്ടുകൾ വാരിയെറിഞ്ഞു തട്ടിക്കൂട്ടി ഒപ്പിക്കുവാനാണ് ഇത്തവണയും നീക്കമെന്നാണ് നാട്ടുകാരുടെ ആരോപണം.
വടശ്ശേരിക്കരയിൽ തീർഥാടകർ വലയും
ശബരിമലയുടെ പ്രധാന പ്രവേശന കവാടമായ വടശ്ശേരിക്കര ടൗണിൽ ഇടുങ്ങിയ ഗതാഗത സംവിധാനങ്ങൾ തന്നെയാണ് ഇത്തവണയും പ്രധാനപ്പെട്ട വില്ലൻ.തീർത്ഥാടകർ വാഹനങ്ങൾ നിർത്തി ഇറങ്ങുകയും വിരിവെക്കുകയുമൊക്കെ ചെയ്യുന്ന ടൗണിൽ അടുക്കും ചിട്ടയുമില്ലാത്ത പാർക്കിങും മൂന്നു സ്ഥലത്തായുള്ള ബസ് സ്റ്റോപ്പുമെല്ലാം തീർഥാടകരെ വലയ്ക്കും. ഇവിടെ പ്രയാർ മഹാവിഷ്ണുക്ഷേത്ര പരിസരത്തും ചെറുകാവ് ദേവീക്ഷേത്ര പരിസരത്തുമാണ് കൂടുതൽ തീർഥാടകർ വിരിവെക്കുക.
എന്നാൽ ഇവിടെയും കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ശുചിമുറി സമുച്ചയവും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. ചെറുകാവ് ക്ഷേത്രത്തിനടുത്ത് കോടികൾ മുടക്കി നിർമിച്ചിട്ടുള്ള ടൂറിസം വകുപ്പിന്റെ പിൽഗ്രിം സെന്റർ ഇത്തവണയും തീർഥാടകർക്ക് പ്രയാജനപ്പെടുന്ന ലക്ഷണമില്ല. കൈവരികൾ തകർന്ന് കാടുമൂടിയ മണ്ണാറക്കുളഞ്ഞി -ശബരിമല പാതയിലെ വടശേരിക്കര പാലം വൃത്തിയാക്കി സുരക്ഷാവേലികൾ സ്ഥാപിക്കുന്ന ജോലിയും ഇനിയും ബാക്കിയാണ്.
മാലിന്യവും കുടിവെള്ളവും പ്രശ്നമാകും
മാലിന്യപ്രശ്നമാണ് മണ്ഡലകാലം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നം. ചെറിയ ടൗണിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തൊട്ടടുത്തുള്ള മാർക്കറ്റിലിട്ടു കത്തിക്കുന്നത് മുൻകാലങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിൽ തീർഥാടകർ നേരിടുന്ന പ്രധാനപ്രശ്നം കുടിവെള്ളമാണ്.തീർഥാടകപാതയിൽ ളാഹ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുവാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. തീർഥാടകർക്കായി പണികഴിപ്പിച്ചിട്ടുള്ള ശുചിമുറികളിൽ പലതും നവീകരിക്കാനുമുണ്ട്.
കക്കാട്ടാറിന്റെ തീരത്തെ താത്കാലിക ശുചിമുറികളുടെ നിർമ്മാണവും സുരക്ഷിതമായ കുളിക്കടവ് ഒരുക്കലും ഇനിയും ആരംഭിച്ചിട്ടില്ല. അപകടമേഖലയായ ളാഹ വലിയവളവിലുൾപ്പെടെ തീർഥാടകരെത്തുന്ന ഒട്ടുമിക്ക പാതകളും ഇരുട്ടിലാണെന്നും ഇവിടെ വെളിച്ചം സ്ഥാപിക്കാനുള്ള നടപടികൾ ഇഴയുകയാണെന്നും നാട്ടുകാർ പറയുന്നു. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയിൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത ഭാഗത്ത് റോഡിന്റെ വശങ്ങൾ തെളിക്കാനും പുതിയതായി ടാർ ചെയ്ത റോഡിന്റെ വശങ്ങളിൽ മണ്ണിട്ടു നികത്തുവാനുമുള്ള ജോലികൾ അവശേഷിക്കുകയാണ്. എരുമേലിയിൽ നിന്നും റാന്നിയിൽ നിന്നും പെരുനാട് വഴി ശബരിമലയിലേക്ക് പോകുന്ന തീർഥാടകരുടെ ഏക ഇടത്താവളമായ നാറാണംമൂഴി പഞ്ചായത്തിലെ അറയ്ക്കമണ്ണിൽ തീർഥാടകരെ വരവേൽക്കുവാനുള്ള യാതൊരു ഒരുക്കവും ആരംഭിച്ചിട്ടേയില്ല.
ഇവിടെയെത്തുന്ന തീർഥാടകർക്ക് വിരിവെക്കുവാനോ തലചായ്ക്കുവാനോ താൽക്കാലികമായ പന്തൽപോലും ഒരുക്കുന്ന രീതി വർഷങ്ങളായി ഇല്ലെങ്കിലും തീർഥാടകർ അറയ്ക്കാമൺ ജംക്ഷനിലും പെരുന്തേനരുവി റോഡിലും വാഹനമൊതുക്കി റോഡിനിരുവശവും വിരിവെച്ചു ആഹാരം പാചകംചെയ്തു വിശ്രമിക്കുകയും തൊട്ടടുത്ത പമ്പാനദിയിൽ കുളിച്ചു വിശ്രമിക്കുകയുമാണ് പതിവ്. ഇവിടെ അത്തിക്കയം പാലത്തിനു സമീപം താത്കാലിക ശുചിമുറികൾ നിർമിക്കുകയും കുളിക്കടവിലും പാലത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യാറുണ്ടെങ്കിലും ഇത്തവണ ഇതിനുള്ള നടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല.
സംഭരണികളിൽ കുടിവെള്ളം വെക്കാനോ തീർഥാടകരെത്തുന്ന ഭാഗത്തെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനോ ഇനിയും നടപടിയായിട്ടില്ല. ചുരുക്കത്തിൽ രണ്ടുമാസം കൊണ്ട് അവസാനിക്കുന്ന തീർഥാടനകാലം ആരംഭിച്ചശേഷം തിരക്കിട്ടു ഫണ്ട് ചെലവഴിച്ചു അവസാനിപ്പിക്കുകയെന്ന പഞ്ചായത്തുകളുടെയെല്ലാം പതിവ്രീതി തന്നെയാകും ഇത്തവണയുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.