ജഡം കാണാൻ എത്തിയത് നൂറുകണക്കിനാളുകൾ; അതുംമ്പുംകുളത്ത് കടുവപ്പേടി ഒഴിഞ്ഞു
text_fieldsകോന്നി: ജൂലൈ 13ന് വരിക്കാഞ്ഞിലിയിൽ ആടിനെ കൊന്ന കടുവയുടെ ജഡം കാണാൻ നൂറുകണക്കിന് ആളുകളാണ് അതുമ്പുംകുളത്ത് എത്തിയത്. കടുവ നാട്ടിലിറങ്ങി ആടിനെ കൊന്നതോടെ വലിയ ഭീതിയിലായിരുന്നു പ്രദേശവാസികൾ. പുലർച്ച ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും രാത്രി ജോലി കഴിഞ്ഞ് വരുന്നവരും എല്ലാം കടുവ ഇറങ്ങിയശേഷം നേരത്തേ വീട്ടിൽ എത്താൻ തുടങ്ങിയിരുന്നു. കോന്നി-തണ്ണിത്തോട് റോഡിൽ ഞള്ളൂർ വനഭാഗത്ത് ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്.
രാത്രി ഏറെ വൈകി വരുന്നവർ വാഹനങ്ങളിൽ കൂട്ടത്തോടെയാണ് തണ്ണിത്തോട് ഭാഗത്തേക്ക് പോയിരുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്ത് ആളുകൾ രാത്രിയിൽ പുറത്തിറങ്ങാൻപോലും ഭയപ്പെട്ടിരുന്നു. കടുവയുടെ ജഡം കണ്ടെത്തിയതോടെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികളും തണ്ണിത്തോട് റോഡിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരും.
കോന്നി, തണ്ണിത്തോട്, ആവോലിക്കുഴി, തേക്കുതോട്, പൂച്ചക്കുളം തുടങ്ങി നിരവധി സ്ഥലങ്ങളിൽനിന്നാണ് ജനം ഒഴുകിയെത്തിയത്. തടിച്ചുകൂടിയ നാട്ടുകാരെ നിയന്ത്രിക്കാൻ വനപാലകരും പൊലീസും ഏറെ പണിപ്പെട്ടു.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ പലയിടങ്ങളിൽനിന്നും കാൽനടയായി സഞ്ചരിച്ചാണ് എത്തിയത്.മരത്തിന് മുകളിൽ കയറി ചിത്രങ്ങൾ പകർത്തിയവരും മതിലിൽ വലിഞ്ഞുകയറി കടുവയയുടെ ജഡം കണ്ടവരും കൂട്ടത്തിലുണ്ട്. തുടർന്ന് വനപാലകർ ജഡം മറച്ചിടുകയും ചെയ്തു.
പ്രായാധിക്യവും കാരണമെന്ന് റിപ്പോർട്ട്
കോന്നി: കടുവകൾ തമ്മിലുള്ള ആക്രമണവും പ്രായാധിക്യവുമാണ് അതുമ്പുംകുളത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്താൻ ഇടയായതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. 12 വയസ്സിലേറെയുള്ള ആൺ കടുവയാണ് ചത്തത്. മറ്റൊരു കടുവയുമായി സംഘർഷത്തിൽ ഏർപ്പെട്ട ലക്ഷണങ്ങളും മുറിപ്പാടുകളും ദേഹത്തുണ്ട്. മുറിവിൽ അണുബാധ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി കോന്നി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.