കടമ്മനിട്ട കല്ലേലി മാർത്തോമ്മ പള്ളിയിൽ മോഷണം
text_fieldsപത്തനംതിട്ട: കടമ്മനിട്ട കല്ലേലി ജങ്ഷനിലെ മാർത്തോമ്മ പള്ളിയിൽ മോഷണം. ജനലിന്‍റെ മുകളിലെ ആർച്ച് ഭാഗത്തെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന് വഞ്ചിയിലെ പണം കവർന്നു. പള്ളിയോട് ചേർന്ന ഓഫീസ് മുറിയിലെ മൂന്ന് അലമാരകളും മേശയും കുത്തി തുറന്നിട്ടുണ്ട്. ഇതിൽ സൂക്ഷിച്ച റിക്കാർഡുകളും പുസ്തകങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.
ഞായറാഴ്ച രാവിലെ ആറോടെ പള്ളിയിൽ എത്തിയ ഇടവക വികാരി ഫാ. ജേക്കബ് വർഗീസ് സ്കൂട്ടറിൽ ഒരാൾ അതിവേഗം പള്ളിമുറ്റത്ത് നിന്ന് പോകുന്നത് കണ്ടു. എന്നാൽ അത് കാര്യമാക്കിയില്ല. പിന്നീട് കപ്യാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ആറൻമുള പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പള്ളിയിലെയും സമീപ ജങ്ഷനുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സ്കൂട്ടറിൽ ഒരാൾ വേഗത്തിൽ പോകുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പുലർച്ചെയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.