വസ്ത്ര വ്യാപാരശാലയിലെ മോഷണം: യു.പി സംഘം അറസ്റ്റിൽ
text_fieldsഅടൂർ: അടൂരിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ മേൽക്കൂര കുത്തിപ്പൊളിച്ച് മൂന്ന് ലക്ഷത്തിലധികം രൂപയും വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്നുപേരെ അടൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ആഗ്ര ജില്ലയിൽ കുബേർപ്പുർ തെഹസിൽദാർ സിങ്ങിന്റെ മകൻ രാഹുൽ സിങ് (29), സഹോദരൻ ഓംപ്രകാശ്(51), ഈറ്റ ജില്ലയിൽ ജലേസർ രാജകുമാറിന്റെ മകൻ അങ്കൂർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണവും വസ്ത്രങ്ങളും കണ്ടെടുത്തു.
രാഹുൽ സിങ് കൊല്ലത്തെ ഒരു ഹോട്ടലിൽ മുമ്പ് കുറച്ചുനാൾ ജോലി നോക്കിയിരുന്നു. അടൂർ ടൗണിലെ കരിക്കനേത്ത് സിൽക് ഗലേറിയ വസ്ത്ര വ്യാപാരശാലയിൽ ഒക്ടോബർ 19ന് പുലർച്ചയാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്തെ പൈപ്പിലൂടെ അഞ്ചുനിലയുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി ഷീറ്റ് ഇളക്കി മാറ്റിയശേഷം ഭിത്തി തുരന്ന് കടയ്ക്കുള്ളിൽ കയറി വസ്ത്രങ്ങളും കൗണ്ടറിൽ സൂക്ഷിച്ച പണവും മോഷ്ടിക്കുകയായിരുന്നു.
രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിലെയും പരിസരത്തെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം മോഷ്ടാക്കൾ തങ്ങിയ ലോഡ്ജിൽനിന്ന് മേൽവിലാസം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന വിവരം ലഭിച്ചു. തമിഴ്നാട് പുളിയൻകുടിയിൽനിന്നാണ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐ എം. മനീഷ്, സി.പി.ഒമാരായ ആർ.കെ. സൂരജ്, ശ്യാംകുമാർ, പ്രവീൺ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്തിനകത്തും പുറത്തും പ്രതികൾ ചെയ്ത കൂടുതൽ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ട്രെയിൻ സഞ്ചാരികൾ
ട്രെയിനിൽ നിരന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് പോകാതെ മറ്റു സ്ഥലങ്ങളിലെത്തി മോഷണം തുടരുന്നതാണ് രീതി. തൃശൂർ കുന്നംകുളം, കൊല്ലം കൊട്ടിയം, വയനാട്, സുൽത്താൻബത്തേരി, കോഴിക്കോട്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ ഒന്നര വർഷത്തിനുള്ളിൽ നടന്ന വൻമോഷണങ്ങളിൽ പങ്കുള്ളതായി സംശയമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സമാന കുറ്റകൃത്യങ്ങൾ ചെയ്തതായും സൂചന ലഭിച്ചു.
പ്രത്യേക റിക്രൂട്ട്മെന്റ്; ഗൂഗ്ൾ സഹായം
മുഖ്യപ്രതി രാഹുൽ ഓരോ മോഷണത്തിലും പ്രത്യേകം ആളുകളെ തെരഞ്ഞെടുത്ത് കൂടെക്കൂട്ടിയിരുന്നു. ഇയാളുടെ സഹോദരനും മൂന്നാം പ്രതിയുമായ ഓംപ്രകാശ് ബെൽറ്റ് കച്ചവടത്തിന്റെ മറവിൽ വിവിധ സ്ഥലങ്ങളിലെത്തി വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് രാഹുലിന് വിശദ വിവരങ്ങൾ കൈമാറും.
രാത്രിയിലും കച്ചവടം നടക്കുന്ന വസ്ത്രവ്യാപാര ശാലകളിൽ പൊതുവെ അധികമായി പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന ബോധ്യത്തിലാണ് ഇവർ വസ്ത്ര വ്യാപാരശാലകൾ മോഷണത്തിനായി തിരഞ്ഞെടുത്തത്.
ഒരു സ്ഥലത്തെത്തി ഗൂഗ്ളിലും മറ്റും പരിശോധിച്ചാണ് കടകൾ കണ്ടെത്തുന്നതെന്നും മോഷണത്തിന് മുമ്പ് സ്ഥലത്ത് എത്തി കെട്ടിടം കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി അടൂർ ഡിവൈ.എസ്.പി ആർ. ജയരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.