കുന്നത്തൂർക്കര ഭഗവതിത്തറ ക്ഷേത്രത്തിൽ മോഷണം; പ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: അടൂർ കുന്നത്തൂർക്കര ഭഗവതിത്തറ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് മണക്കാല തുവയൂർ വടക്ക് നേടിയകാല പുത്തൻവീട്ടിൽ രതീഷിനെയാണ് (38) അടൂർ പൊലീസ് പിടികൂടിയത്.
ജൂൺ അവസാന ആഴ്ചയാണ് കേസിനസ്പദമായ സംഭവം. രാത്രി പത്തിനും പുലർച്ച അഞ്ചിനും ഇടയിൽ ക്ഷേത്രത്തിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. ഇവിടത്തെ സി.സി ടി.വി കാമറകൾ തകരാറിലാക്കിയ ശേഷമായിരുന്നു മോഷണം.
ജില്ല പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വിശദ ചോദ്യം ചെയ്തതിൽ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപം വഞ്ചിമുക്കിൽ സ്ഥാപിച്ച കാണിക്കമണ്ഡപത്തിന്റെ ഗ്രിൽ പൊളിച്ച് അതിൽ വെച്ച വഞ്ചിയുടെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും സമ്മതിച്ചു.
തുവയൂർ നാഗരാജ ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ, അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.