ഒളിച്ചുകളിച്ച് സർക്കാർ, ചെങ്ങറ സമരക്കാർക്ക് കൊടുക്കാൻ ഭൂമിയില്ല
text_fieldsപത്തനംതിട്ട: ചെങ്ങറ സമരക്കാർക്ക് നൽകാൻ മാത്രം ഭൂമിയില്ലാതെ സർക്കാർ. ചെങ്ങറ പുനരധിവാസ പാക്കേജ് നടപ്പാക്കി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ആയിരങ്ങള്‍ ഭൂരഹിതരായി തുടരുകയാണ്.
2010ൽ ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടും ഭൂമി നൽകാൻ കഴിഞ്ഞിട്ടില്ല. കുറെപേർക്ക് നൽകിയെങ്കിലും അത് വാസയോഗ്യവുമല്ല. 2007 ആഗസ്റ്റ് നാലിന് ളാഹ ഗോപാലന്റെ നേതൃത്വത്തിലാണ് ചെങ്ങറ സമരം ആരംഭിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂ രഹിതരോട് സർക്കാർ കനിവ് കാട്ടുന്നില്ല.
ചെങ്ങറ പുനരധിവാസ പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരഹിതര്‍ വീണ്ടും സമരം ആരംഭിച്ചിരിക്കയാണ്. വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ലഭിച്ചവര്‍ക്ക് പകരം സ്വന്തം നാട്ടില്‍ ഭൂമി നല്‍കണമെന്നാണ് പ്രധാന ആവശ്യം. കൃഷിയോഗ്യമല്ലാത്ത സ്ഥലം നല്‍കിയും പാക്കേജിനായി മാറ്റിവെച്ച സ്ഥലം തിരിച്ചെടുത്തും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് സമരക്കാരുടെ ആരോപണം.
വർഷങ്ങൾകഴിഞ്ഞിട്ടും ഭൂമി നൽകാത്തത് വിനയായി മാറുമെന്ന് ഇപ്പോൾ ഹൈകോടതിക്കും പറയേണ്ടി വന്നിരിക്കുകയാണ്. ഭൂമിനൽകാമെന്ന വാഗ്ദാനം നടപ്പാക്കാതെ വിവിധ പദ്ധതികൾക്കുവേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഓടി നടക്കുകയാണെന്നും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം. ഭൂരഹിതർക്ക് എന്ന് ഭൂമി നൽകാനാവുമെന്ന് അറിയിക്കണമെന്നും അവകാശ വാദങ്ങൾ പരിഗണിച്ച് തീർപ്പാക്കാൻ സമയപരിധി വ്യക്തമാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹൈകോടതി ഇടപെടൽ ഉണ്ടായത് വലിയ പ്രതീക്ഷയോടെയാണ് ചെങ്ങറയിലെ ഭൂരഹിതർ നോക്കിക്കാണുന്നത്.
പാക്കേജ് പ്രകാരം 912 പേര്‍ക്ക് ഭൂമി നൽകിയെന്നും 583 കുടുംബങ്ങളെക്കുറിച്ച് വിവരമില്ലെന്നുമാണ് സെപ്റ്റംബർ എട്ടിന് സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലം. പട്ടയം കൈപ്പറ്റിയവരില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ലഭിച്ചത് കൃഷിക്കോ താമസത്തിനോ അനുയോജ്യമല്ലാത്ത ഭൂമിയാണ്. ചെങ്ങറയില്‍ തുടരുന്നവരെ മറച്ചുപിടിച്ച് സമരക്കാര്‍ ചിതറിപ്പോയെന്നാണ് സര്‍ക്കാര്‍ വാദം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഹാരിസണ്‍ മലയാളത്തിന് ഭൂമി നല്‍കാനാണ് നീക്കമെന്നാണ് ആദിവാസി- ദലിത് സംഘടനകളുടെ കൂട്ടായ്മ ആരോപിക്കുന്നത്. സർക്കാർ നടത്തിയ സർവേപ്രകാരം ചെങ്ങറ സമരഭൂമിയിൽ 1738 കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അവർക്കായി 10 ജില്ലകളിലായി 831 ഏക്കർ ഭൂമി കണ്ടെത്തി 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും പറഞ്ഞു.
2009 ഒക്ടോബർ അഞ്ചിന് സമരം ഭാഗികമായി ഒത്തുതീർപ്പാക്കിയിരുന്നു. 27 ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയും 1.25 ലക്ഷം രൂപ വീടുപണിയുന്നതിനും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമിയും ഒരുലക്ഷം രൂപയും നൽകുമെന്നായിരുന്നു വ്യവസ്ഥ. അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ള 573 കുടുംബങ്ങൾക്ക് 10 മുതൽ 25 സെന്റ് ഭൂമിയും 7 5,000 രൂപയും മരണപ്പെട്ട 12 പേർക്ക് സഹായവും നൽകാമെന്നും സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുമെന്നും വ്യവസ്ഥയിലുണ്ട്.
എന്നാൽ, ഈ കരാറുകൾ അട്ടിമറിക്കപ്പെട്ടു. പട്ടയം ലഭിച്ചു എന്നല്ലാതെ വളരെക്കുറച്ച് പേർക്കൊഴികെ ആർക്കും ഭൂമി ലഭിച്ചില്ല. ഭൂമി ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളിലും കാസർകോട്ടെ തരിശ് നിലങ്ങളിലും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശത്തുമായിരുന്നു. പട്ടയം കിട്ടി കബളിക്കപ്പെട്ടവർ വീണ്ടും സംഘടിച്ചതിന്റെ അനന്തരഫലമായിരുന്നു അരിപ്പ ഭൂസമരവും സെക്രട്ടേറിയറ്റിന് മുന്നിലെ ചെങ്ങറക്കാർ നടത്തിയ സമരവും. ചെങ്ങറ സമരഭൂമിയിൽ ബാക്കിയുണ്ടായിരുന്ന 593 കുടുംബങ്ങൾ സമരഭൂമി അരയേക്കർ വീതം തുല്യമായി വീതിച്ചെടുത്ത് അവിടെ താമസിച്ചുവരുകയാണ്.
ഹാരസണിനെ പോലുള്ള കുത്തകകൾ നിയമവിരുദ്ധമായി കൈയടക്കിവെച്ച ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന സമഗ്രമായ റിപ്പോർട്ട് റവന്യൂ സ്പെഷൽ ഓഫിസർ ഡോ. രാജമാണിക്യം 2015ൽ നൽകിയിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.