പത്തനംതിട്ടയിൽ പാർക്കിങ്ങിന് ഇടമില്ല; വട്ടംകറങ്ങി വാഹനങ്ങൾ
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാന നഗരമായ പത്തനംതിട്ടയിൽ എത്തിയാൽ നിർത്തിയിടാൻ സ്ഥലമില്ലാതെ വാഹനങ്ങൾ അലയുകയാണ്. ശബരിമല തീർഥാടന കാലമായതോടെ വലിയ വാഹനത്തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്നവർ പാർക്കിങ്ങിനായി വിഷമിക്കുകയാണ്. നഗരത്തിൽ പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളെല്ലാം തന്നെ വാഹനങ്ങൾകൊണ്ട് നിറയും. ഇതിനിടെ പൊലീസ് പിഴ ചുമത്തുന്നതും പതിവാണ്.
സെൻട്രൽ ജങ്ഷൻ, പോസ്റ്റ് ഓഫിസ് റോഡ്, ജനറൽ ആശുപത്രി റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം പൂർണമായും നിർത്തലാക്കിയ സ്ഥിതിയാണ്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ-വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രി എന്നിവയുള്ള ജങ്ഷനുകളായിട്ടും പാർക്കിങ് സൗകര്യത്തിൽ ഇളവുകളില്ല. പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് പ്രദേശത്തെ കടകൾക്കു സമീപവും പാർക്കിങ് അനുവദിക്കില്ല.
പോസ്റ്റ് ഓഫിസ് റോഡ്, മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിൽ ഇരുവശത്തും പാർക്കിങ് നിരോധിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നുണ്ട്. നഗരത്തിൽ പരിമിതമായ പാർക്കിങ് സൗകര്യമാണുള്ളത്. പഴയ സ്വകാര്യ ബസ്സ്റ്റാൻഡിൽ പണം നൽകി പാർക്കിങ്ങിന് സൗകര്യമുണ്ട്. എന്നാൽ, ഇവിടെ വാഹനം പാർക്ക് ചെയ്ത് അകലെയുള്ള സ്ഥാപനങ്ങളിൽ പോയി വരുന്നത് ബുദ്ധിമുട്ടാണ്.
വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവർ കടകൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. നടപ്പാതകളിലെ അനധികൃത കച്ചവടവും നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.