തോരാമഴയത്തും പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ വെള്ളമില്ല; അരമണിക്കൂർ ജോലി ബഹിഷ്കരിച്ച് ജീവനക്കാർ
text_fieldsപത്തനംതിട്ട: അതിതീവ്രമഴ ജില്ലയിൽ പെയ്തിറങ്ങുമ്പോഴും പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ വെള്ളമില്ലാതെ വലയുകയാണ് ജീവനക്കാരും ജനങ്ങളും.
ഗത്യന്തരമില്ലാതെ ജീവനക്കാർ വ്യാഴാഴ്ച സമരവുമായി രംഗത്തിറങ്ങി. അരമണിക്കൂറോളം ജോലി ബഹിഷ്കരിച്ചാണ് പ്രതിഷേധിച്ചത്. നിരവധി സർക്കാർ ഓഫിസുകളും കോടതികളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മിക്കപ്പോഴും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.
10 മിനിറ്റ് വാട്ടർ സർവിസ്
ചില ദിവസങ്ങളിൽ 10 മിനിറ്റ് മാത്രം വെള്ളം കിട്ടും. വാട്ടർ അതോറിറ്റിയുടെ വെള്ളം വലിയ രണ്ട് ടാങ്കിൽ നിറച്ച ശേഷമാണ് ഓഫിസുകളിൽ എത്തിക്കുന്നത്. വെള്ളം കിട്ടാത്തതിന്റെ കാരണം അന്വേഷിച്ചാൽ പമ്പിങ് നടക്കാത്തതാണെന്നാണ് വാട്ടർ അതോറിറ്റിയിൽനിന്ന് പറയുന്നത്. എന്നാൽ, വാട്ടർ അതോറിറ്റിയിൽ വൻ തുക കുടിശ്ശിക അടക്കാനുള്ളതാണ് കാരണമെന്നറിയുന്നു.
മൂന്ന് വർഷത്തെ കുടിശ്ശികയുള്ളയുള്ളതായാണ് പറയുന്നത്. അതേസമയം, നഗരത്തിൽ പണം കൃത്യമായി വാട്ടർ അതോറിറ്റിയിൽ അടക്കുന്ന സ്ഥാപനങ്ങളിലും വീടുകളിൽപോലും വെള്ളം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
ജീവനക്കാർ നെട്ടോട്ടത്തിൽ
അഞ്ചുനിലയിലായി പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലായി നിരവധി ജീവനക്കാരുണ്ട്. ശുചിമുറി ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ പല ദിവസങ്ങളിലും ജീവനക്കാർ നെട്ടോട്ടത്തിലാണ്. വനിതകളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പുറത്തുള്ള സ്ഥാപനങ്ങളും വീടുകളെയുമാണ് പലപ്പോഴും ആശ്രയിക്കുന്നത്. ടോയ്ലറ്റുകളിൽനിന്ന് അസഹ്യമായ ദുർഗന്ധമാണ് വ്യാപിക്കുന്നത്. ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു. വെള്ളം ഇല്ലാത്തതിനാൽ ഓഫിസ് ശുചീകരണവും നടക്കാറില്ല. കഴിഞ്ഞ ദിവസം മഴ വെള്ളം ശേഖരിച്ചാണ് അത്യാവശ്യ ശുചീകരണം നടത്തിയത്.
കുടിശ്ശികയുണ്ട്; വിതരണം തടയാറില്ല
മിനിസിവിൽ സ്റ്റേഷനിൽ വെള്ളക്കരം കുടിശ്ശികയുണ്ടെങ്കിലും ജലവിതരണം നിർത്താറില്ല. വ്യാഴാഴ്ച രാവിലെയും അവിടെ വെള്ളം ലഭിച്ചിരുന്നു. ഇത് മിനിസിവിൽസ്റ്റേഷൻ ജീവനക്കാരെ ബോധ്യപ്പെടുത്തിയതാണ്. ടാങ്കിൽനിന്നുള്ള പൈപ്പ് ലൈനിൽ ചോർച്ചയുണ്ടോയെന്ന് പരിശോധിക്കണം.
- വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.