ജലസംഭരണികളിലും വെള്ളമില്ല
text_fieldsകോഴഞ്ചേരി: മൺപുറ്റും മൂലം പമ്പയിലെ ജലമേളകൾ പ്രതിസന്ധിയിലായിരിക്കെ ശബരിഗിരി സംഭരണികളിലെ ജലക്ഷാമവും തിരിച്ചടിയാകുന്നു. വെള്ളത്തിന്റെ കുറവ് ജലമേളകൾക്ക് ഭീഷണിയാകുമ്പോൾ സാധാരണ ശബരിഗിരി സംഭരണികളിൽനിന്നാണ് വെള്ളം തുറന്നുവിട്ടിരുന്നത്.
തിരുവോണത്തോണിയുടെ സുഗമമായ സഞ്ചാരത്തിനടക്കം ആചാരങ്ങൾക്കും ശനിയാഴ്ച നടക്കേണ്ട ആറന്മുള ഉത്രട്ടാതി ജലമേളക്കും പമ്പയിലെ ജലനിരപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പമ്പയിൽ ജലനിരപ്പ് കുറഞ്ഞാൽ മണിയാർ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്. ഇതിനായി ഇടുക്കിയിൽനിന്നുള്ള വൈദ്യുതി ഉൽപാദനം കുറച്ച് ശബരിഗിരിയിൽ വൈദ്യുതോൽപാദനം കൂട്ടി മണിയാർ അണക്കെട്ടിലേക്ക് കൂടുതൽ വെള്ളം എത്തിക്കും. ഇത്തവണ കാലവർഷം കുറഞ്ഞതോടെ ശബരിഗിരി സംഭരണികളിലും ജലനിരപ്പ് താഴ്ന്നിരുന്നു. ശബരിഗിരി സംഭരണികളിൽ 32ശതമാനം വെള്ളം മാത്രമേയുള്ളൂ. വെള്ളം കുറവായതിനാൽ വൈദ്യുതോൽപാദനവും ഗണ്യമായി കുറച്ചിട്ടുണ്ട്. ജലമേള നടത്തണമെങ്കിൽ പമ്പയിൽ ഇപ്പോഴത്തെ നിലയിൽനിന്ന് ഏഴടി ജലനിരപ്പ് ഉയരണം. എന്നാൽ, ആറന്മുള സത്രക്കടവിൽ 46 മീറ്റർ ജലനിരപ്പ് മാത്രമേയുള്ളൂ. ഏകദേശം രണ്ടരയടി വെള്ളത്തിൽ പുതയുന്ന പള്ളിയോടങ്ങൾക്ക് വള്ളസദ്യയിൽ പങ്കെടുക്കാൻ ക്ഷേത്രക്കടവിൽ എത്തനാകുന്നില്ല. പള്ളിയോടങ്ങൾ ജലനിരപ്പുള്ളിടത്ത് കെട്ടിയിട്ട് വെള്ളത്തിലൂടെ നടന്നാണ് കരക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.
ആശങ്ക വർധിക്കുന്നു
ആറന്മുള ഉത്രട്ടാതി ജലമേളക്ക് ട്രയൽ ഒഴിവാക്കി മത്സരത്തിന് മാത്രം സംഭണികളിലെ വെള്ളം എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്. അല്ലെങ്കിൽ സത്രക്കടവിന് (ഫിനിഷിങ് പോയന്റ്) താഴെയായി താൽക്കാലിക തടയണ നിർമിക്കാനും നീക്കമുണ്ട്.
പമ്പാനദിയിൽ ചരിത്രത്തിലില്ലാത്ത വിധത്തിൽ നീരൊഴുക്ക് താഴ്ന്നതിന് പുറമെ നദിയിലെ മൺപുറ്റുകൾ നീക്കം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. ശനിയാഴ്ച മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും എം.എൽ.എയും ആയിരുന്ന എ. പത്മകുമാർ, ജലവിഭവ വകുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ആറന്മുള പാർഥസാരഥീ ക്ഷേത്രത്തിലെ ഓണാഘോഷ ചടങ്ങുകളോടനുബന്ധിച്ചുള്ള തിരുവോണത്തോണിയുടെ യാത്രകൾക്ക് ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിടാനാവാത്ത അവസ്ഥയാണുള്ളതെന്ന് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.