ഓണവിപണിയിൽ നാടൻ ഏത്തക്കുലകൾക്ക് ക്ഷാമം; വരത്തനും വിലകൂടി
text_fieldsപത്തനംതിട്ട: നാടൻ ഏത്തൻ കുലകൾക്ക് ക്ഷാമം. മാസങ്ങൾക്ക് മുമ്പ് അഞ്ചുകിലോ 100 രൂപക്ക് വിറ്റിരുന്ന വയനാടൻ ഏത്തക്കാക്ക് ഓണമായപ്പോൾ വില വർധിച്ചു.
ഒരു കിലോ വയനാടൻ കായ്ക്ക് 55 രൂപ നൽകണം. മിക്ക സ്ഥലത്തും നാടൻ കുലകൾ കിട്ടാനില്ല. പല സ്ഥലത്തും പ്രകൃതിക്ഷോഭത്തിൽ കൃഷിനശിച്ചതും പന്നികൾ കൂട്ടമായി എത്തി വാഴകൃഷി നശിപ്പിച്ചതും മൂലമാണ് ഇക്കുറി നാടൻ കുലകൾക്ക് ക്ഷാമം നേരിടുന്നത്.
പലകർഷകരും വാഴകൃഷി ഉപേക്ഷിക്കുകയും ചെയ്തു. മലയോര മേഖലകളിൽ പന്നികൾ വലിയ നാശനഷ്ടമാണ് വരുത്തിവെച്ചത്.
ഈവർഷം വെള്ളപ്പൊക്കത്തിൽ ഏറ്റവും അധികം നഷ്ടം ഏത്തവാഴകൃഷിക്കാണ് ഉണ്ടായത്. അതുകൊണ്ടാണ് വിപണിയിൽ നാടൻകുലകൾ കുറഞ്ഞത്. വയനാട്ടിൽനിന്നാണ് ജില്ലയിലേക്ക് ഏറ്റവും അധികം ഏത്തക്കുലകൾ എത്തുന്നത്.
ഉപ്പേരി വറുക്കാൻ കൂടുതൽ പേരും വാങ്ങുന്നത് നാടൻകുലയാണ്. 60- 65 രൂപക്കാണ് കഴിഞ്ഞ ദിവസം നാടൻ ഏത്തക്കുലകൾ വിറ്റത്. ഏത്തക്കുലയുടെ വില വർധനയെ തുടർന്ന് മിക്കവരും പാക്കറ്റ് ഉപ്പേരിയാണ് വാങ്ങുന്നത്.
വെളിച്ചെണ്ണക്കും വില വർധിച്ചു. ഒരുകിലോ വെളിച്ചെണ്ണക്ക് 225 രൂപവരെ ആയിട്ടുണ്ട്. വയനാടൻ കായ്കൊണ്ട് വറുത്ത ഉപ്പേരിക്ക് രുചി കുറവാണ്.
ഒരുകിലോ ഉപ്പേരി 300-320രൂപക്കാണ് ചിപ്‌സ് സെൻററുകളിൽ വിൽക്കുന്നത്. ശർക്കര വരട്ടിക്കും 320 രൂപയാണ്. കളിയൊടയ്ക്ക 200 രൂപയുമാണ്. സീസൺ ആയതിനാൽ വാഴപ്പഴങ്ങൾക്കും ആവശ്യം വർധിച്ചിട്ടുണ്ട്. പൂവൻ 60, ഞാലി 60, പാളയൻ 40, റോബസ്റ്റ 40 എന്നിങ്ങനെയാണ് വില. കോവിഡ് കാലമായതിനാൽ മറ്റ് സ്ഥലങ്ങളിൽനിന്നുള്ള ഏത്തക്കുലകൾ എത്തുന്നതിന് താമസമുണ്ട്.
അടുത്ത ആഴ്ചയോടെ കൂടുതൽ വയനാടൻ കുലകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. കോവിഡ് വ്യാപകമായതോടെ പാക്കറ്റ് ഉപ്പേരി വാങ്ങാൻ പലരും മടിക്കുന്നുണ്ട്. ഒരു വൃത്തിയും ഇല്ലാതെയാണ് പല ചിപ്സ് സെൻററുകളിലും ഉപ്പേരി വറുക്കുന്നത്.
പാക്കിങ്ങിലും വൃത്തിയില്ല. ൈകയുറകളോ മാസ്കോ ധരിക്കാതെയാണ് ഉപ്പേരി വറക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ആരോഗ്യ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.