മൊബൈൽ ഫോണുകളുമായി മോഷ്ടാവ് അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ച യുവാവ് കോയിപ്രം പൊലീസിന്റെ പിടിയിൽ.
പല സ്ഥലങ്ങളിൽനിന്ന് മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് കണ്ടെടുത്തു. കടപ്ര മാന്നാർ ഇളമത മഠത്തിൽ സാജൻ തോമസാണ് (36) അറസ്റ്റിലായത്. കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിൽ എസ്.ബി.ഐ ബാങ്ക് എ.ടി.എമ്മിനടുത്തുനിന്നാണ് ഇയാളെ കോയിപ്രം എസ്.ഐ എസ്. ഷൈജുവും സംഘവും ബുധനാഴ്ച രാവിലെ 10.30ന് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എ.ടി.എം കൗണ്ടറിനുസമീപം തോളിൽ ബാഗും തൂക്കിനിന്ന ഇയാൾ പൊലീസ് പട്രോളിങ് വാഹനം കണ്ട് പരിഭ്രമിച്ച് കൗണ്ടറിൽ കയറാതെ ബൈക്കിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു. പൊലീസിന് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ചോദ്യംചെയ്തപ്പോൾ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ ചോദ്യംചെയ്തപ്പോൾ പേരും വിലാസവും പറഞ്ഞ ഇയാൾ എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു. പക്ഷേ, കാർഡ് കൈവശമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. സാധനം വാങ്ങാൻ വന്നതാണെന്നും ജോലിക്ക് പോകുകയാണെന്നുമൊക്കെ പരസ്പരവിരുദ്ധമായി സംസാരിക്കുകയും മോട്ടോർ സൈക്കിൾ സ്വന്തമാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽനിന്ന് നാല് ഫോണുകൾ കണ്ടെടുത്തത്. ഇതേപ്പറ്റി തൃപ്തികരമായ മറുപടി നൽകാഞ്ഞതിനെതുടർന്ന് കൂടുതൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ് മോഷ്ടിച്ചവയാണെന്ന് വെളിപ്പെട്ടത്.
ഫോണുകളിൽ രണ്ടെണ്ണം ചങ്ങനാശ്ശേരിയിൽനിന്നും രണ്ടെണ്ണം കോഴിക്കോട്ടുനിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഈ ഫോണുകളുടെ ഉടമകളെ കണ്ടെത്താൻ, ഇവയുടെ ഐ.എം.ഇ.ഐ നമ്പറുകൾ ജില്ല പൊലീസ് സൈബർ സെല്ലിന് കൈമാറി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലും സംസ്ഥാനത്തെ മറ്റു ചില സ്റ്റേഷനുകളിലുമായി പ്രതിയുടെ പേരിൽ 11 മോഷണക്കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2011 മുതൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. പുളിക്കീഴിനു പുറമെ, കൊരട്ടി, ആലപ്പുഴ സൗത്ത്, തലയോലപ്പറമ്പ്, ചേർത്തല, ഫറോക്ക്, തൃശൂർ, കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്.
കോയിപ്രം പൊലീസ് ഇയാളുടെ വിരലടയാളമെടുത്തു വിദഗ്ധ പരിശോധനക്കയച്ചു. തുടർന്ന്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ ബിജു, സുധീഷ്, സി.പി.ഒ അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.