ചെടിച്ചട്ടികൾ കടത്തി മോഷ്ടാക്കൾ
text_fieldsപത്തനംതിട്ട: ജില്ലാ കേന്ദ്രത്തിലെ നഗരവാസികൾ ഒന്നാകെ ഏറ്റെടുത്ത നഗര സൗന്ദര്യവൽക്കരണത്തിന് ഭീഷണി ഉയർത്തി സാമൂഹ്യവിരുദ്ധർ. പത്തനംതിട്ട സഹകരണ ബാങ്കിന് സമീപത്തു നിന്ന് രണ്ട് ചെടിച്ചട്ടികൾ മോഷ്ടിച്ചു. ചില ഭാഗങ്ങളിൽ ചെടികൾ നശിപ്പിക്കുന്നതിനുള്ള ശ്രമം നടന്നു. വ്യാപാരികളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പത്തനംതിട്ട നഗരസഭ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജങ്ഷൻ വരെ പാതയോരത്തെ കൈവരികളിൽ ചെടികൾ വെച്ച് മനോഹരമാക്കിയ നഗരസഭയുടെ പ്രവർത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചെടികളുടെ പരിപാലനം കൃത്യമായി വ്യാപാരികൾ നടത്തി വരുന്നതിനിടയിലാണ് മോഷണം. ചെടികൾ നഷ്ടപ്പെട്ട വിവരം പൊതുജനങ്ങളാണ് നഗരസഭ കാര്യാലയത്തിൽ അറിയിച്ചത്. തുടർന്ന് നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊഴികൾ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനവും മറ്റ് വിവരങ്ങളും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
മോഷണം പോയ ചെടികൾ ഇരുന്ന കൈവരികളിൽ വീണ്ടും നഗരസഭ ചെടിച്ചട്ടികൾ സ്ഥാപിച്ചു. പൊതുജനങ്ങൾ കാവൽക്കാരായി മാറിയത് കൊണ്ടാണ് ഇത്രയും വേഗം നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും നഗരസഭാ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.