ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
text_fieldsതിരുവല്ല: തിരുവല്ലയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. തൃശ്ശൂർ അന്തിക്കാട് ചുള്ളിപ്പറമ്പിൽ വീട്ടിൽ സി.ബി അതുൽ കൃഷ്ണ(19), അന്തിക്കാട് അന്തിക്കോടി വീട്ടിൽ അജിൽ ( 18 ), അന്തിക്കോട് പച്ചാമ്പുളളി വീട്ടിൽ പി.ഡി ജയരാജ് ( 23 ) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അതുലും, അജിലും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർക്ക് സഹായം ഒരുക്കി നൽകിയ കേസിലാണ് ജയരാജ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിൽ എത്തിയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും പിടിയിലായ അതുലിനും അജിലിനും ഒപ്പം സ്വകാര്യബസ്സിൽ കയറി കുട്ടി തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പിൽ ഇറങ്ങുന്നതായുള്ള ദൃശ്യങ്ങൾ ബസിനുള്ളിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ചു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ദൃശ്യ -പത്ര മാധ്യമങ്ങളിലൂടെ പ്രതികളുടെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ അതുൽ പെൺകുട്ടിയെ ബസ് മാർഗ്ഗം തിരുവല്ലയിൽ എത്തിച്ചു. ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ഓട്ടോറിക്ഷയിൽ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന അതുലിനെ മൂവാറ്റുപുഴയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഒപ്പം ഉണ്ടായിരുന്ന അജിലിനെയും സഹായിയായ ജയരാജനെയും അന്തിക്കാട് അവരുടെ വീടുകളിൽ നിന്നും പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് അതുലുമായി പെൺകുട്ടി സൗഹൃദത്തിൽ ആയതെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികൾ മണിക്കൂറുകൾക്കകം വലയിലായത്. തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദിൻ്റെ നിർദേശ പ്രകാരം എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി.എസ് ശ്രീനാഥ്, എസ്.എസ് രാജീവ്, പി.എൽ വിഷ്ണു, സി. അലക്സ്, എ.എസ്.ഐ ജോജോ ജോസഫ്, സി.പി.ഒമാരായ അവിനാശ് , വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടിയെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.