കാപ്പോണപ്പുറം പാടശേഖരത്തില്‍ മടവീണു; 580 ഏക്കർ കൃഷി വെള്ളത്തിൽ
text_fieldsതിരുവല്ല: ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ അതിര്‍ത്തിയിലെ കാപ്പോണപ്പുറം പാടശേഖരത്തില്‍ മടവീഴ്ച. 580 ഏക്കറിലെ പുഞ്ചകൃഷി വെള്ളത്തിലായി. തിരുവല്ലയില്‍നിന്ന് തുടങ്ങുന്ന ന്യൂ മാര്‍ക്കറ്റ് കനാലിന്റെ ബണ്ട് ചൊവ്വാഴ്ച രാത്രിയാണ് തകർന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിതച്ച പാടമാണ്. 90 ശതമാനം വയലിലും കൃഷിയിറക്കി. മടവീണ് വെള്ളം കയറിയതോടെ വിത്ത് ഒഴുകിപ്പോയി. 160 ഏക്കര്‍ പെരിങ്ങര കൃഷിഭവന്റെ പരിധിയിലും ബാക്കി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലുമാണ്.
തിരുവല്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് മേപ്രാല്‍ കൂമ്പുംമൂടിന് സമീപം എട്ട് മീറ്ററോളം വീതിയിലാണ് ബണ്ട് തകര്‍ന്നത്. അഞ്ചടി വേളൂര്‍മുണ്ടകം ടാര്‍ റോഡ് കഴിഞ്ഞുള്ള മണ്‍ചിറ തുടങ്ങുന്ന ഭാഗമാണിവിടം. 900 മീറ്റര്‍ നീളമുള്ള മണ്‍ചിറ ചങ്ങനാശ്ശേരിയിലെ പൂവത്താണ് ചേരുന്നത്. ഈ ഭാഗത്ത് മൂന്നിടത്ത് കഴിഞ്ഞ ദിവസം ചെറിയ മടവീഴ്ച ഉണ്ടായെങ്കിലും കര്‍ഷകര്‍ ചാക്കടുക്കി ഒഴുക്ക് തടഞ്ഞിരുന്നു. മണിമലയാറ്റിലേക്കാണ് കനാല്‍ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുകയാണ്. തോട്ടിലെയും പാടത്തെയും ജലനിരപ്പ് സമമായശേഷം മടവീണഭാഗം കട്ടകുത്തി അടക്കും. തുടര്‍ന്ന് പാടത്തെ വെള്ളം വറ്റിച്ച് വീണ്ടും വിതക്കണം. പെരിങ്ങര പഞ്ചായത്തിലെ തോട്ടുപുറം, വടവടി തുടങ്ങിയ പാടങ്ങളില്‍ കഴിഞ്ഞ ദിവസം മടവീണിരുന്നു. 12 പാടങ്ങളില്‍ വെള്ളക്കെട്ടുണ്ട്. ഇവിടെയെല്ലാം വീണ്ടും കൃഷിയിറക്കേണ്ട സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.