നഗരത്തെ ഭീതിയിലാക്കി മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം
text_fieldsതിരുവല്ല: തിരുവല്ല നഗരത്തിലെ കുരിശുകവലയിലെ മൂന്നുനില കെട്ടിടത്തിൽ തീയും പുകയും ഉയർന്നത് നഗരത്തെ ഭീതിയിലാക്കി. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പുക പുറത്തേക്ക് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെത്തിയതിനാൽ തീ കുടുതൽ പടർന്നില്ല.
മൂന്ന് വർഷം മുമ്പ് വരെ മണ്ണെണ്ണ ഗോഡൗൺ പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ സംസ്ഥാനപാതക്കരികിലെ ഐരാമ്പളളിൽ കെട്ടിടത്തിലാണ് തീ പടർന്നത്. താഴത്തെ നിലയിൽ പഴയ ഇരുമ്പ് ഉപകരണങ്ങളും മറ്റും അറുത്തുനീക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് തീ പിടിച്ചത്.
മണ്ണെണ്ണ് ഗോഡൗൺ നിലവിലില്ലെങ്കിലും മുമ്പ് ഉണ്ടായിരുന്നതിന്റെ പല അവശിഷ്ടങ്ങളും ഉളളിലുണ്ട്. വെളളം കലർന്ന നിലയിൽ കുറേഭാഗത്ത് മണ്ണെണ്ണ് കിടന്നിരുന്നതായും അറുത്തുനീക്കലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ തൊഴിലാളി ഇലക്ട്രിക് ഗ്രൈൻഡർ ഉപയോഗിച്ച് ഉപകരണഭാഗം മുറിക്കുന്നതിനിടെ ചിതറിയ തീപ്പൊരി താഴെ കൂടിക്കിടന്നിരുന്ന പാഴ് വസ്തുക്കളിൽ വീണു. അല്പസമയത്തിനകം ഇവിടെ തീ ആളിയതായി ഈ തൊഴിലാളി പറഞ്ഞു. മണ്ണെണ്ണയുടെ ഗന്ധവും പരന്നു.
കെട്ടിടത്തിന്റെ മുൻഭാഗത്ത് കർട്ടനും റെക്സിനും വിൽക്കുന്ന കടയുണ്ട്. ഇതുവഴിയൊക്കെ പുക പുറത്തെത്തി. മുകൾ നിലയിലേക്ക് പെട്ടെന്ന് തീ ആളിപ്പടർന്നില്ല. സമീപത്ത് ചേർന്ന് തടിയിലും അല്ലാതെയുമുളള നിരവധി കെട്ടിടങ്ങൾ ഉണ്ട്. തീ പുറത്തേക്ക് ആളിയിരുന്നെങ്കിൽ വൻ അഗ്നിബാധയ്ക്ക് ഇടയാക്കുമായിരുന്നു.
സേനയുടെ രണ്ട് യൂണിറ്റ് എത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് തീയും പുകയും നിയന്ത്രിച്ചത്. കെട്ടിടത്തിൽ മുമ്പുണ്ടായിരുന്ന മണ്ണെണ്ണ വില്പനശാലയ്ക്കും ഗോഡൗണിനും ലൈസൻസ് ഉണ്ടായിരുന്നോയെന്ന് വ്യക്തതയില്ല. എന്നാൽ ബഹുനില കെട്ടിടത്തിൽ പാലിക്കേണ്ട അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലായിരുന്നുവെന്ന് ഫയർ സ്റ്റേഷൻ അധികൃതർ പറഞ്ഞു.
തീ പടർന്ന കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറിയിൽ വാടകക്ക് കഴിഞ്ഞയാൾ പുകയിൽ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു. പന്തളം എൻ.എസ്.എസ് ആശുപത്രി ജീവനക്കാരി അശ്വതിയാണ് മുറിയിൽ ഉണ്ടായിരുന്നത്. രാത്രി ജോലി കഴിഞ്ഞെത്തിയ അശ്വതി ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം.
മുറിയിൽ മണ്ണെണ്ണ മണവും കനത്തപുകയും നിറഞ്ഞതോടെ ശ്വാസം മുട്ടി ഉണരുകയായിരുന്നുവെന്ന് അശ്വതി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. താഴേക്ക് നോക്കിയപ്പോൾ ആൾക്കൂട്ടം. തുടർന്ന് ഭയന്ന് പുറത്തേക്ക് ഓടിയിറങ്ങിയെന്നും ഇവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.