തിരുവല്ലയിൽ അനൂപ് ആൻറണിയെ ഒഴിവാക്കി; ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsതിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണിയെ ഒഴിവാക്കി ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനടയെ സ്ഥാനാർഥിയാക്കിയതിനെതിരെ ബി.ജെ.പി നേതൃയോഗ വേദിക്ക് പുറത്ത് മഹിള മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം.
മണിപ്പുഴ ഉണ്ടപ്ലാവിലെ എൻ.എസ്.എസ് കരയോഗ ഹാളിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പതിനഞ്ചോളം മഹിള മോർച്ച പ്രവർത്തകർ ചേർന്ന് യോഗത്തിനെത്തിയ അശോകൻ കുളനടയെ അരമണിക്കൂർ തടഞ്ഞുവെച്ചു. പ്രവർത്തകരിൽ ചിലർ അനൂപ് ആൻറണിക്ക് ജയ് വിളിക്കുന്നുണ്ടായിരുന്നു.
ബി.ജെ.പി പ്രവർത്തകരും മഹിള മോർച്ച പ്രവർത്തകർക്കൊപ്പം ചേർന്നു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗവും മഹിള മോർച്ച ജില്ല സെക്രട്ടറിയുമായ ജെ. സന്ധ്യമോൾ പാർട്ടി സ്ഥാനവും മെംബർ സ്ഥാനവും രാജിവെക്കുമെന്ന് ഭീഷണി മുഴക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടപ്ര പഞ്ചായത്തിൽ ഇന്നും നാളെയുമായി നടത്താനിരുന്ന കുടുംബയോഗങ്ങൾ മാറ്റി വെച്ചതായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഗോപിനാഥ് പരുമല പറഞ്ഞു.
ബി.ജെ.പിയിൽ കൂട്ടരാജി
തിരുവല്ല: അശോകൻ കുളനടയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനുപിന്നാലെ തിരുവല്ല ബി.ജെ.പി ഘടകത്തിൽ കൂട്ടരാജി. തിരുവല്ല നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും കമ്മിറ്റി പ്രസിഡൻറുമാർ രാജിക്കത്ത് നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. ശ്യാം മണിപ്പുഴക്ക് കൈമാറി.
മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി ജെ. സന്ധ്യമോൾ, ജില്ല വൈസ് പ്രസിഡൻറ് ഗീതാലക്ഷ്മി, നിയോജക മണ്ഡലം പ്രസിഡൻറ് ശാലിനി കുമാരി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സുജാത തുടങ്ങി 15 ഭാരവാഹികൾ സ്ഥാനം രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.