എൻ.എം. രാജുവിന്റെ അറസ്റ്റ് നാട്ടുകാർ കേട്ടത് നടുക്കത്തോടെ
text_fieldsതിരുവല്ല: വ്യവസായ പ്രമുഖനായും രാഷ്ട്രീയ നേതാവായും തിളങ്ങിയ എൻ.എം. രാജുവിന്റെ അറസ്റ്റ് നടുക്കത്തോടെയാണ് തിരുവല്ലക്കാർ കേട്ടത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ട്രഷറര്‍ ആയിരുന്നു രാജു. മൂന്നു മാസം മുമ്പ് ഇദ്ദേഹത്തെ ആ പദവിയില്‍നിന്ന് നീക്കം ചെയ്തുവെന്ന് പറയുന്നു. കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റായിരുന്നു. കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍നിന്നുള്ള വിദേശമലയാളികളില്നിന്നാണ് രാജുവിന്റെ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളില്‍ പരാതി ചെല്ലുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.
നെടുമ്പറമ്പില്‍ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വില്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവുമുണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചെറിയ തുകകള്‍ ഉള്ളവര്‍ പൊലീസില്‍ പരാതി നല്കുമ്പോള് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടക്കി നല്‍കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളാണ് എന്‍.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്.
നിക്ഷേപകരില്‍നിന്ന് വലിയ പലിശ നല്കി വാങ്ങിയ പണം കേരളത്തിന് അകത്തും പുറത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടതോടെ റിയല്‍ എസ്റ്റേറ്റ് മേഖല തകരുകയും ചെയ്തു. ഇതാണ് എന്‍.എം. രാജുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് വിവരം. കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്സ് വാങ്ങി എന്‍.സി.എസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടയ്ക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എന്‍സിഎസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നില്ക്കാന് ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍.സി.എസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.