തോമസ് ഐസക്കിനെ തോൽപിക്കാൻ ശ്രമം: വെട്ടിലായി സി.പി.എം നേതൃത്വം
text_fieldsതിരുവല്ല: കേന്ദ്ര കമ്മിറ്റി അംഗവും ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ തിരുവല്ലയിലെ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചെന്ന ഗുരുതരമായ ആരോപണ റിപ്പോർട്ട് പുറത്തായതിന് പിന്നാലെ നടപടി എടുത്തെങ്കിലും സി.പി.എം ജില്ല നേതൃത്വം സംശയ നിഴലിൽ.
പ്രവർത്തന റിപ്പോർട്ട് പുറത്തായതിന് പിന്നാലെ പ്രതിരോധത്തിലായ പാർട്ടി നേതൃത്വം ലോക്കൽ സെക്രട്ടറി കെ.കെ. കൊച്ചുമോനെ നീക്കി. താൽക്കാലിക ചുമതല ഏരിയ കമ്മിറ്റി അംഗം ജെനോ മാത്യുവിന് നൽകി. കടുത്ത വിഭാഗീയതയെ തുടർന്ന് രണ്ടുവട്ടം നിർത്തിവച്ച ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിതരണം ചെയ്ത പ്രവർത്തനറിപ്പോർട്ടാണ് പുറത്തുവന്നത്.
രണ്ടുവട്ടം നിർത്തിവച്ച സമ്മേളനം ജില്ല സെക്രട്ടറി ഉദയഭാനുവിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. ജില്ല സെക്രട്ടറിയെ കൂടാതെ സംസ്ഥാന സമിതി അംഗം രാജു എബ്രഹാം, മൂന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ച 52 പേജുകൾ റിപ്പോർട്ടിലെ ഒമ്പതാം പേജിൽ ഉൾപ്പെട്ട ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതാണ് പ്രശ്നമായത്. ഈ ഭാഗം വായിക്കവെ ജില്ല സെക്രട്ടറി ഇടപെട്ട് റിപ്പോർട്ട് അവതരണം നിർത്തിവെക്കുകയും അംഗങ്ങളിൽ നിന്നും റിപ്പോർട്ട് തിരികെ വാങ്ങുകയും ചെയ്തിരുന്നു.
ഇങ്ങനെ തിരികെ വാങ്ങിയ റിപ്പോർട്ടാണ് ചോർന്നത്. പാർട്ടി സഖാവിന്റെ സഹോദരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയത് അടക്കം രണ്ട് പീഡനക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയ മുൻ ലോക്കൽ സെക്രട്ടറി സി.സി സജിമോനും ആയി ബന്ധപ്പെട്ട വിഷയത്തിൽ തോമസ് ഐസക് ഉൾപ്പെടെയുള്ള ഒരു വിഭാഗം സ്വീകരിച്ച നിലപാടാണ് ഐസക്കിന്റെ തോൽവിക്കായി മറുവിഭാഗം പ്രവർത്തിക്കാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തോമസ് ഐസക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനും ഉൾപ്പെടുന്ന നേതാക്കളാണ് 2023 ഈ വിഷയം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കമ്മിറ്റിക്കായി ഇരുവരും വാഹനത്തിൽ എത്തിയപ്പോൾ ഡി.വൈ.എഫ്.ഐ മഹിളാ നേതാവ് ഉൾപ്പെടെ ചിലർ തടയാൻ ശ്രമിച്ചതായി പരാമർശം ഉണ്ട്. തോമസ് ഐസക്കിന് വോട്ട് ചെയ്യരുതെന്ന് മഹിളാ അസോസിയേഷൻ നേതാവ് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
തിരുവല്ലയിൽ രണ്ട് വിഭാഗങ്ങളായാണ് പാർട്ടി നിൽക്കുന്നതെന്ന് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ പരാമർശമുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 11നാണ് തിരുവല്ല ഏരിയ സമ്മേളനം നടക്കുന്നത്. അതിനു മുമ്പായി നടക്കേണ്ട ടൗൺ നോർത്ത് ലോക്കൽ സമ്മേളനമാണ് തർക്കം മൂലം നീളുന്നത്.
ജില്ലയിലെ മറ്റ് ലോക്കൽ സമ്മേളനങ്ങൾ എല്ലാം തന്നെ പൂർത്തിയായെങ്കിലും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനം നേതൃത്വത്തിനു മുന്നിൽ ഇപ്പോഴും കീറാമുട്ടിയായി നിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് കെ.കെ. കൊച്ചുമോനെ മാറ്റിയും തടസ്സപ്പെട്ട ലോക്കല്‍ സമ്മേളനം 9നു ചേരാനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചത്. സമ്മേളന കാലത്തെ അസാധണ നടപടിയാണിത്. വിഭാഗീയ പ്രവര്‍ത്തനം സ്ഥിരീകരിക്കുന്ന നിലയിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. എന്നാല്‍, തിരുവല്ലയില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.