തോടിന്റെ തീരം ഇടിയുന്നു; കുറ്റപ്പുഴയിൽ 80ഓളം കുടുംബം ഭീതിയിൽ
text_fieldsതിരുവല്ല: കുറ്റപ്പുഴയിൽ തോടിന്റെ തീരം ഇടിഞ്ഞതിനെ തുടർന്ന് 80ഓളം കുടുംബം അപകട ഭീഷണിയിൽ. തിരുവല്ല നഗരസഭയിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന കുറ്റപ്പുഴ ആറ്റുമാലി ഭാഗത്തെ 80ഓളം കുടുംബങ്ങളാണ് കുറ്റപ്പുഴ തോടിന്റെ തീരം ഇടിയുന്നതിനെ തുടർന്ന് അപകട ഭീഷണിയിൽ ആയിരിക്കുന്നത്. ഭൂനിരപ്പിൽനിന്ന് ഏതാണ്ട് 30 അടിയോളം താഴ്ചയുള്ള തോടിന്റെ ഇരുകരയിലുമായി താമസിക്കുന്ന കുടുംബങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരമായി തീരം ഇടുന്നതിനെ തുടർന്ന് ഭയാശങ്കയോടെ കഴിയുന്നത്.
കവിയൂർ പുഞ്ചയടക്കമുള്ള പാടശേഖരങ്ങളിലേക്ക് മണിമലയാറ്റിൽനിന്ന് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാൻ ഉപയോഗിക്കുന്ന തോടാണ് ഇത്. തീരം ഇടിഞ്ഞതോടെ തോടിന്റെ ഇരുകരയിലൂടെയും ആറടിയോളം വീതിയിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ പല ഭാഗങ്ങളും തോട്ടിലേക്ക് ഇടിഞ്ഞ നിലയിലാണ്. വെള്ളിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുകരയിലുമായി മൂന്ന് ഭാഗത്ത് കോൺക്രീറ്റ് റോഡ് ഉൾപ്പെടെ തീരം ഇടിഞ്ഞു. ഇതോടെ വാഹനയാത്ര സാധ്യമാകാതെ വന്നിരിക്കുകയാണ്.മണ്ണിടിച്ചിൽ തുടർന്നാൽ റോഡിന്റെ ഇരുകരയിലുമായുള്ള എട്ട് വീടുകൾ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്.
തോടിന്റെ 100 മീറ്ററോളം ഭാഗത്ത് ഏതാണ്ട് അഞ്ചുവർഷം മുമ്പ് കരിങ്കൽ നിർമിത സംരക്ഷണഭിത്തി നിർമിച്ചിരുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്ത ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞന്നത്. ആറടിയോളം വീതിയിൽ നിർമിച്ച ഇരുകരയിലെയും റോഡിന്റെ പല ഭാഗങ്ങളും തീരം ഇടിയുന്നതിനെ തുടർന്ന് കാൽനടപോലും സാധ്യമല്ലാതെ കിടക്കുകയാണ്. റോഡിന്റെ പലഭാഗത്തും കോൺക്രീറ്റ് ഇടിഞ്ഞ നിലയിലാണ്.
തീരത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ പലതും ഏതുനിമിഷവും തോട്ടിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 2018ലെ മഹാപ്രളയം മുതലാണ് തീരം ഇടിച്ചിൽ പതിവായതെന്ന് നാട്ടുകാർ പറയുന്നു. തോടിന് സംരക്ഷണഭിത്തി നിർമിച്ച് തങ്ങളുടെ വീട് ഉൾപ്പെടെയുള്ളവ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലാണ് തോട് ഉള്ളതെന്നും സംരക്ഷണഭിത്തി നിർമിക്കുന്നതായി ബന്ധപ്പെട്ട കാര്യങ്ങൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നഗരസഭ ചെയർപേഴ്സൻ അനു ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.